ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ.എസ്. ഷാന്‍ വധക്കേസിലെ കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ആലപ്പുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്. ഹര്‍ജിയില്‍ പ്രോസിക്യൂഷന്റെ വാദം കേട്ടു. പ്രതിഭാഗത്തിന്റെ വാദം തിങ്കളാഴ്ച കേൾക്കും.
പ്രോസിക്യൂഷന് വേണ്ടി പി.പി. ഹാരിസ് ആണ് ഹാജരായത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ മേലുദ്യോഗസ്ഥന് അധികാരമുണ്ടെന്ന് പ്രോസിക്യൂഷന് വാദിച്ചു.. പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം പിന്‍വലിക്കണം എന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്. അതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത് അന്വേഷണ ഉദ്യോഗസ്ഥന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആണ് എന്നുള്ളതാണ്.ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി കെ.വി. ബെന്നിയാണ് അന്വേഷണം നടത്തി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടത് ബന്ധപ്പെട്ട സ്റ്റേഷന് ഹൗസ് ഓഫീസറാണെന്നും ഡിവൈഎസ്പിക്ക് ഇതിന് അധികാരമില്ലെന്നും പ്രതിഭാഗം വാദിക്കുന്നു.
പക്ഷേ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മുന്‍പ് ഉണ്ടായിരുന്ന സമാനമായ കേസുകളുടെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന് ഇക്കാര്യം എതിര്‍ത്തു.2021 ഡിസംബര്‍ 18ന് രാത്രിയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ കൊല്ലപ്പെടുന്നത്.19ന് രാവിലെ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനും കൊല്ലപ്പെട്ടു.രഞ്ജിത് ശ്രീനിവാസന് വധക്കേസില്‍ ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 15 പ്രതികള്‍ക്കും മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഷാന്‍ വധക്കേസില്‍ 13 പ്രതികളാണുള്ളത്.