തൃശൂര്‍: കുതിരാന്‍ വഴുക്കുംപാറയില്‍ ദേശീയപാതയില്‍ വിള്ളലുണ്ടായ ഭാഗം വീണ്ടും ഇടിഞ്ഞുതാഴ്ന്നു. മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറയില്‍ വിള്ളലുണ്ടായ പ്രദേശത്താണ് വീണ്ടും വിള്ളല്‍ കൂടുതലായി രൂപപ്പെട്ടത്.
ഏകദേശം ഒന്നരയടി താഴ്ചയിലും 10 മീറ്റര്‍ നീളത്തിലുമാണ് റോഡ് ഇടിഞ്ഞ് താഴ്ന്നത്. മഴ ശക്തമായിത്തുടര്ന്നാല് റോഡ് ഇനിയും ഇടിഞ്ഞുതാഴാന്‍ ഇടയുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ വിള്ളല്‍ രൂപപ്പെട്ടപ്പോള്‍ കരാര്‍ കമ്പനി ജീവനക്കാരുടെ നേതൃത്വത്തില്‍ സിമന്റ് പരുക്കന്‍ ഉപയോഗിച്ച് വിള്ളല്‍ അടയ്ക്കുകയും മുകളില്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ഇവിടം വീണ്ടും കൂടുതല്‍ അപകടാവസ്ഥയിലായിരിക്കുകയാണ്.