തിരുവനന്തപുരം : സോളാർ പീഡനക്കേസിൽ സി.ബി.ഐക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ച് പരാതിക്കാരി. സി.ബി.ഐ അന്വേഷണം അട്ടിമറിച്ചെന്നും മുൻ സി.ബി.ഐ ഉദ്യോഗസ്ഥന്റെ ഇടപെടൽ അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. സാക്ഷികൾക്ക് പണം നൽകിയത് സി.ബി.ഐ അന്വേഷിച്ചില്ലെന്നും കേസ് അട്ടിമറിച്ചത് അന്വേഷിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കോൺഗ്രസിലെ നേതാക്കൾക്കുമെതിരെ പരാതിക്കാരി ഒരു പീഡന പരാതി സംസ്ഥാന സർക്കാരിന് നൽകുകയും സർക്കാർ ഈ പരാതി അനേഷിക്കാൻ സി.ബി.ഐയെ ചുമതലപ്പെടുത്തുകയുമായിരുന്നു. സി.ബി.ഐ അന്വേഷണം നടത്തി ഒരു ക്ലോഷർ റിപ്പോർട്ട് തിരുവനന്തപുരത്തെ സീജിങ് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.
പരാതിക്ക് പിന്നിൽ ഗുഢാലോചനയുണ്ടെന്നും ഗണേഷ് കുമാറടക്കമുള്ളവരാണ് ഇതിന് പിന്നിലുണ്ട്. ആവശ്യമായി തെളിവുകൾ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ കേസ് ക്ലോസ് ചെയ്യണമെന്നാണ് സി.ബി.ഐ ക്ലോഷർ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഈ റിപ്പോർട്ടനുസരിച്ച് ഹൈബി ഈഡനെ കേസിൽ നിന്നും കുറ്റവിമുക്തനാക്കുകയും ചെയ്തു. ഈ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതിക്കാരി പരാതി നൽകിയത്. രണ്ടു സി.ബി.ഐ ഉദ്യോഗസ്ഥർ വ്യക്തിപരമായി കേസിൽ ഇടപെടുകയും കേസ് അട്ടിമറിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ഇവർക്ക് വ്യക്തി പരമായ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും ഇതിന്റെ തെളിവുകളടക്കം താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു. സാക്ഷികൾക്ക് പണം നൽകിയതടക്കം സി.ബി.ഐ അന്വേഷിച്ചിട്ടില്ല. പണം ലഭിച്ചതായി സാക്ഷി മൊഴി നൽകിയിട്ടും അത് അവഗണിക്കുകയാണ് ചെയ്തത്. അത്കൊണ്ട് തന്നെ ഇത് അന്വേഷിക്കണമെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.