മുംബൈ : അടുത്ത അഞ്ച് വർഷത്തേക്കുള്ള ക്രിക്കറ്റ് മത്സരങ്ങളുടെ ടിവി, ഡിജിറ്റൽ സംപ്രേഷണാവകാശം വിൽക്കാനുള്ള ലേലനടപടികൾക്ക് തുടക്കം കുറിച്ച് ബിസിസിഐ. ഒരു മത്സരത്തിന്റെ ടിവി സംപ്രേഷണത്തിന് കുറഞ്ഞത് 20 കോടി രൂപയും ഡിജിറ്റൽ സംപ്രേഷണത്തിന് കുറഞ്ഞത് 25 കോടി രൂപയും ലഭിക്കുന്ന തരത്തിലാണ് ലേലം ആരംഭിക്കുക. ടിവി, ഡിജിറ്റൽ സംപ്രേഷണാവകാശം വെവ്വേറെയായി ആണ് ലേലത്തിന് വയ്ക്കുക. ഇതിനായുള്ള ഓൺലൈൻ ബിഡുകൾ സമർപ്പിക്കാനുള്ള ലിങ്ക് തുറന്നുനൽകി. 15 ലക്ഷം രൂപ ഫീസ് നൽകിയാൽ മാത്രമാണ് ലേലത്തിൽ പങ്കെടുക്കാനുള്ള അനുമതി ലഭിക്കുക. 1,000 കോടി രൂപയിലധികം മൂല്യമുള്ള കമ്പനികൾക്ക് മാത്രമാണ് ലേലത്തിൽ പങ്കെടുക്കാൻ അർഹത.
ഓഗസ്റ്റ് 31-ന് നടക്കുന്ന ഓൺലൈൻ ലേലത്തിൽ, ഒരു മത്സരത്തിന് കുറഞ്ഞത് 60 കോടി രൂപ വരെയെങ്കിലും ലേലത്തുക ഉയരണമെന്ന് ചട്ടമുണ്ട്. ലേലത്തുക ഇതിൽ കുറഞ്ഞാൽ ലേലം റദ്ദാക്കും. അഞ്ച് വർഷക്കാലത്തിനിടെയുള്ള 88 മത്സരങ്ങളുടെ സംപ്രേഷണാവകാശത്തിനായി ആണ് ലേലം നടക്കുക. 25 ടെസ്റ്റുകൾ, 27 ഏകദിനങ്ങൾ, 36 ടി-20കൾ എന്നിങ്ങനെയാണ് മത്സരങ്ങൾ. നിലവിൽ ടിവി, ഡിജിറ്റൽ സംപ്രേഷണാവകാശം ഒന്നിച്ച് കൈവശം വച്ചിരിക്കുന്ന ഡിസ്നി സ്റ്റാർ ഗ്രൂപ്പ് 6,138.10 കോടി രൂപ നൽകിയാണ് കഴിഞ്ഞ ലേലം വിജയിച്ചത്. ഡിസ്നിക്കൊപ്പം വയാകോം 18, സോണി ഗ്രൂപ്പ്, ആമസോൺ പ്രൈം വിഡീയോ എന്നിവരും ലേലത്തിൽ സജീവമായി പങ്കെടുക്കുമെന്നാണ് സൂചന.