തിരുവനന്തപുരം : മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ ടൗണ്‍ഷിപ്പിന് പുറത്ത് താമസം ഒരുക്കുന്ന മുസ്ലീം ലീഗിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി. ലീഗിന്റെ നടപടി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. യഥാര്‍ഥ അതിജീവിതര്‍ക്ക് തന്നെയാണോ വീടുകള്‍ നല്‍കുന്നതെന്ന് ഉറപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിവാര ടെലിവിഷന്‍ പരിപാടിയായ നാം മുന്നോട്ടിലാണ് മുഖ്യമന്ത്രി മുസ്ലിം ലീഗിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. മുണ്ടക്കൈയിലും ചൂരല്‍മലയിലും ഒരുമിച്ച് ജീവിച്ചവര്‍ തുടര്‍ന്നും ഒന്നിച്ച് കഴിയണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിജീവിതരും ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചുരുക്കം ചിലരെ മാറ്റി പാര്‍പ്പിക്കുന്ന തരത്തില്‍ വീടുകള്‍ നിര്‍മിക്കാനാണ് മുസ്ലിം ലീഗ് തയ്യാറായിട്ടുള്ളത്. ഇത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
ടൗണ്‍ഷിപ്പിന് പുറത്ത് മാറിത്താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 15 ലക്ഷം വീതം നല്കാന് സര്‍ക്കാര്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ഈ പട്ടികയിലുള്ളവര്‍ ലീഗ് വീട് നല്കുന്നവരില്പ്പെടില്ലെന്നാണ് അറിയുന്നത്. മാതൃകാപരമായ രീതിയല്ല മുസ്ലിം ലീഗ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് യാതൊരുവിധ തടസങ്ങളുമില്ല. പ്രതീക്ഷിച്ച രീതിയിലാണ് വയനാട്ടില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.