ശബരിമല : മണ്ഡല-മകര വിളക്ക് കാലത്ത് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്കായി നിലവിൽ ഒരുദിവസം നിയോഗിച്ചിരിക്കുന്നത് 3394 പോലീസുകാരെ. ഒരുസമയത്ത് 1132 പേരാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാനും മറ്റുസേവനങ്ങൾക്കുമായി മൂന്നിടത്തുമായുള്ളത്.
മൂന്നിടത്തുമായി 16,118 പേരാണ് ഡ്യൂട്ടിയിലുള്ളതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് മകരവിളക്കുവരെയുള്ള ഒരു സീസണിലെ ആകെ പോലീസുകാരുടെ എണ്ണമാണ്.
1850 പോലീസുകാരെയാണ് സന്നിധാനത്ത് ഒരുദിവസം സേവനത്തിന് നിയോഗിച്ചിരിക്കുന്നത്. ഇതിൽ ഒരുസമയം 617 പേർ ഡ്യൂട്ടിയിലുണ്ടാവും (ഒരു ഷിഫ്റ്റ്). പതിനെട്ടാം പടി, സോപാനം, നടപ്പന്തൽ, മാളികപ്പുറം, ശരംകുത്തി, മരക്കൂട്ടം മേഖലകളിലാണ് ഇവരുടെ ജോലി. പതിനെട്ടാംപടിയിലും കൊടിമരത്തിന് സമീപത്തുമായി ഒരുസമയം 50 പേരുണ്ടാവും. ക്ഷേത്രത്തിന്റെ സോപാനത്തിൽ ഒരുസമയം 40 പേർ.
മറ്റുമേഖലകളിലാണ് ബാക്കിയുള്ള പോലീസുകാരുടെ ജോലി. സന്നിധാനംമുതൽ ശബരിപീഠംവരെ ഒരു എസ്.പി., 11 ഡിവൈ.എസ്.പി., 33 സി.ഐ., 103 എസ്.ഐ. എന്നിങ്ങനെയാണ് സന്നിധാനത്തെ ഉദ്യോഗസ്ഥരുടെ എണ്ണം.
പമ്പയിൽ ഒരുദിവസം 843 പേരെയും നിലയ്ക്കലിൽ 701 പേരെയും നിയോഗിച്ചിരിക്കുന്നതായി പോലീസ് മേധാവി കഴിഞ്ഞദിവസം കോടതിയിൽ അറിയിച്ചിരുന്നു. പമ്പ ത്രിവേണി, ഗണപതിക്ഷേത്രം, നീലിമല തുടങ്ങിയ തിരക്കുള്ള മേഖലകളിൽ ഒരുസമയം ഭക്തരെ നിയന്ത്രിക്കാനായി 180 പേരാണ് ഡ്യൂട്ടിക്കുള്ളത്.
ടെലികമ്യൂണിക്കേഷൻ, ബോംബ് സ്ക്വാഡ്, ഇന്റലിജൻസ്, വിജിലൻസ്, വെർച്വൽ ക്യൂ, മോട്ടോർ ട്രാൻസ്പോർട്ട് തുടങ്ങിയ വിഭാഗങ്ങളും ഉൾപ്പെടെ സീസണിൽ ശബരിമലയിൽ ജോലിചെയ്യുന്നുണ്ട്.
കണമലമുതൽ ചാലക്കയംവരെയാണ് നിലയ്ക്കൽ സ്പെഷ്യൽ ഓഫീസറുടെ നിയന്ത്രണത്തിലുള്ള മേഖല. ചാലക്കയംമുതൽ അപ്പാച്ചിമേടുവരെ പമ്പ സ്പെഷ്യൽ ഓഫീസറുടെ മേൽനോട്ടത്തിലാണ്.
മണ്ഡലപൂജ, മകരവിളക്ക് സമയത്ത് നിലവിലുള്ളതിനേക്കാൾ കൂടുതൽ പോലീസുകാരെ ജോലിക്ക് നിയോഗിക്കും. 10 ദിവസമാണ് ഒരു ബാച്ച് പോലീസ് ജോലിനോക്കുന്നത്. സന്നിധാനത്ത് കെ.എസ്. സുദർശനനും പമ്പയിൽ എസ്. മധുസൂദനനും നിലയ്ക്കലിൽ കെ.വി. സന്തോഷും സ്പെഷ്യൽ ഓഫീസർമാരായി വ്യാഴാഴ്ച ചുമതലയേറ്റു.