കൊച്ചി : അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം അമൃത ആശുപത്രിയില്‍ എത്തിയാണ് മുഖ്യമന്ത്രിമാരും മറ്റ് മന്ത്രിമാരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. നവകേരള സദസിന്റെ ഭാഗമായ ബസിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത്.
പ്രിയനേതാവിന്റെ മരണത്തെ തുടര്‍ന്ന് നവകേരള സദസിന്റെ മറൈന്‍ ഡ്രൈവിലെ പരിപാടി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. കാനം രാജേന്ദ്രന്റെ മൃതദേഹം നാളെ ഏഴ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും. തുടര്‍ന്ന് രണ്ടുമണിവരെ പിഎസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രണ്ട് മണിയോടെ കോട്ടയത്തേക്ക് വിലാപയാത്രയായി കൊണ്ടുപോകും. ഞായറാഴ്ച പതിനൊന്നുമണിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കും. മുഖ്യമന്ത്രി സംസ്കാര ചടങ്ങില്‍ പങ്കെടുക്കും.
വൈകീട്ട് അഞ്ചരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രമേഹം മൂര്‍ച്ഛിച്ച്, കാലിന് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. 1950ല്‍ കോട്ടയം കാനത്ത് ജനനം. വാഴൂര്‍ എസ് വി ആര് എന്‍ എസ് എസ് സ്കൂള്‍, കോട്ടയം ബസേലിയോസ് കോളജ്, മോസ്കോ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം.
കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്. 2022ല്‍ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തില്‍വച്ച് മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാകുന്നത്. 53 വര്‍ഷമായി സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. രണ്ട് തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 2015 ല്‍ കോട്ടയം സംസ്ഥാനസമ്മേളനത്തില്‍ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി.
എഐഎസ്എഫിലൂടെയായിരുന്നു പൊതുജീവിതം ആരംഭിച്ചത്. പിന്നീട് എഐവൈഎഫ് പ്രവര്‍ത്തകനായ കാനം 1970 ല്‍ സംസ്ഥാന സെക്രട്ടറിയായി. ദേശീയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കേരളത്തില്‍ എഐവൈഎഫിന്റെ അടിത്തറ വിപുലമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
1970 ല്‍ സിപിഐ സംസ്ഥാന കൗണ്‍സിലിലും പിന്നീട് എന്‍ ഇ ബാലറാം സെക്രട്ടറിയായിരിക്കേ സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമായി. 25 വയസായിരുന്നു അന്ന് പ്രായം. എംഎന്‍, സി അച്യുതമേനോന്, ടി വി തോമസ്, വെളിയം ഭാര്ഗവന് തുടങ്ങിയ മഹാരഥന്മാര്ക്കൊപ്പമുള്ള പ്രവര്‍ത്തനത്തിലൂടെ ലഭിച്ച അനുഭവ സമ്പത്താണ് കാനത്തിന്റെ വഴികാട്ടി. യുവജന രംഗത്തു നിന്ന് നേരിട്ട് ട്രേഡ് യൂണിയന് മേഖലയിലെ പ്രവര്‍ത്തനങ്ങളിലാണ് കാനം ശ്രദ്ധയൂന്നിയത്.
1970 ല്‍ കേരള സ്റ്റേറ്റ് ട്രേഡ് യൂണിയന് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയായി. പി ബാലചന്ദ്ര മേനോന്, കെ എ രാജന്, പി ഭാസ്കരന്, കല്ലാട്ട് കൃഷ്ണന്, ടി സി എസ് മേനോന്, കെ സി മാത്യു തുടങ്ങിയ മുന്‍നിര ട്രേഡ് യൂണിയന് നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പരിചയം പിന്നീട് എഐടിയുസിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനം നടത്താന്‍ ഉപകരിച്ചു. ഈ ഘട്ടത്തിലാണ് വിവിധ അസംഘടിത മേഖലകളിലെ തൊഴിലാളികളുടെയും പുത്തന്‍തലമുറ ബാങ്കുകള്‍, ഐടി സ്ഥാപനങ്ങള്‍, മുതല്‍ സിനിമാ മേഖലയിലുള്‍പ്പെടെ പുതിയ യൂണിയനുകളുണ്ടാക്കിയത്. കെഇഡബ്ല്യുഎഫ് പ്രസിഡന്റ്, എഐടിയുസി ദേശീയ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകളില്‍ ട്രേഡ് യൂണിയന് രംഗത്ത് ശ്രദ്ധേയ ഇടപെടല്‍ നിര്‍വഹിക്കുന്നു.
1982 ല്‍ വാഴൂരില്‍ നിന്ന് നിയമസഭാംഗമായി. രണ്ട് തവണ വാഴൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് മികച്ച പാര്ലമെന്റേറിയന് എന്ന ഖ്യാതി നേടി. നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളുടെ ജീവിത സുരക്ഷയ്ക്കായി കാനം നിയമസഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ ചുവടുപിടിച്ചാണ് പിന്നീട് നിര്‍മ്മാണ തൊഴിലാളി നിയമം നിലവില്‍വന്നത്. നിയമസഭയില്‍ ഈ സ്വകാര്യ ബില്ല് വോട്ടിനിട്ടാണ് അവതരണാനുമതി നേടിയത്. നിയമ നിര്‍മ്മാണ വേളകളില്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തിരുന്ന കാനം രാജേന്ദ്രന് ഈ നിലയില്‍ ഏറെ ശ്രദ്ധേയനായി. കേരള നിയമസഭയില്‍ കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും കാനവും കന്നിക്കാരായി ഒരുമിച്ചെത്തിയവരായിരുന്നു.
വാക്കുകളില്‍ മിതത്വമെന്നത് നിയമ സംഹിത പോലെ കരുതിയാണ് സംസാരമെങ്കിലും വേദി ഏതായാലും ആശയ സ്ഫുടതയും തത്വശാസ്ത്രപരമായ കാഴ്ചപ്പാടും നിലപാടും കൃത്യമായി പുലര്‍ത്തണമെന്നതില്‍ വിട്ടുവീഴ്ചയില്ല. സി അച്യുതമേനോന് ഫൗണ്ടേഷന് പ്രസിഡന്റായ കാനം എഴുതിയ നവമാധ്യമ രംഗത്തെ ഇടതുചേരി എന്ന പുസ്തകം ഏറെ ശ്രദ്ധേയമായി.