തൃശൂര്‍ : സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഗവര്‍ണറെ കരുവാക്കിയുള്ള നീക്കം നല്ലതല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇരിങ്ങാലക്കുടയില്‍ നവകേരള സദസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സമാധാനാന്തരീക്ഷം തകര്‍ക്കലാണ് ഗവര്‍ണറുടെ ലക്ഷ്യം. വിദ്യാര്‍ഥികളെ പ്രകോപിപ്പിക്കുന്ന നടപടികളില്‍ നിന്ന് ഗവര്‍ണര്‍ പിന്മാറണം. കേരളത്തിലെ സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ സ്വന്തം ഇഷ്ടപ്രകാരം സെനറ്റംഗങ്ങളെ കൊണ്ടുവരുന്നത് നിയമത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവിവേകികളായ മനുഷ്യരുണ്ടാകാം, പക്ഷേ രാജ്യത്തെ സര്‍ക്കാരിന് രാജ്യത്തോട് ബാധ്യതയുണ്ട്. സംഘപരിവാറിന് ആ ബാധ്യത ഇല്ലാ എന്നറിയാം. എന്നാലിത് കേരളമാണ്, കേരളം ഇങ്ങനെയുള്ള അവിവേകികളായവരെ നേരത്തേയും കണ്ടിട്ടുണ്ട്. അവര്‍ക്ക് അത്തരത്തിലുള്ള നടപടികള്‍ പിന്നീട് തുടരാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് കേരളത്തിന്റെ ചരിത്രമെടുത്ത് പരിശോധിച്ച് നോക്കണം. മുഖ്യമന്ത്രി പറഞ്ഞു.
ഗവര്വര്ണര്ക്ക് ചാന്‍സലര്‍ സ്ഥാനം സംഘ്പരിവാര്‍ കൊടുത്തതല്ലെന്നും കേരള നിയമസഭയാണ് ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ സ്ഥാനം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറെ ഉപയോഗിച്ച് കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമം നടക്കില്ല. നാടിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.