പാലക്കാട് : പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം. കെ.സുരേന്ദ്രന്റെ പേരിനോട് വിയോജിക്കാതെ സി.കൃഷ്ണകുമാറും രംഗത്ത് വന്നു. അതേസമയം സ്ഥാനാർഥിയാകാൻ കെ. സുരേന്ദ്രൻ സമ്മതമറിയിച്ചിട്ടില്ല. കേന്ദ്ര നേതൃത്വത്തിന്റെയടക്കം സമ്മർദം കൂടിയാൽ സുരേന്ദ്രൻ സ്ഥാനാർഥിയാകാനും സാധ്യതയുണ്ട്. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാലിനെ പൂർണസമയം കളത്തിലിറക്കാനും ബിജെപി നീക്കം നടത്തുന്നുണ്ട്. പാലക്കാട്ട് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പത്മജയെ പ്രചാരണത്തിന് നിയോഗിക്കാനാണ് തീരുമാനം. പത്മജ മണ്ഡലത്തിൽ താമസിച്ച് പ്രചാരണം നടത്തും. ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഡൽഹിയിൽ ഉണ്ടായേക്കും.
അതേസമയം സ്ഥാനാർഥിത്വം സംബന്ധിച്ച് ബിജെപിയിൽ കടുത്ത ഭിന്നത തുടരുകയാണ്. കെ.സുരേന്ദ്രനെ മത്സരിപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ ശ്രമിക്കുമ്പോൾ ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യവും നേതാക്കൾക്കിടയിൽ ഉയരുന്നുണ്ട്.