ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി കോൺഗ്രസ് പോര് മുറുകുന്നു. ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എഎപിയുമായി സഖ്യമുണ്ടാക്കിയത് അബദ്ധമായിപ്പോയെന്ന് കോൺഗ്രസ് നേതാവ് അൽകാ ലംബ പറഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെയും അപമാനിച്ച കെജ്രിവാൾ മാപ്പ് പറയണമെന്നും അൽകാ ലംബ ആവശ്യപ്പെട്ടു.
”കെജ്രിവാൾ ഷീലാ ദീക്ഷിത്തിനെയും മൻമോഹൻ സിങ്ങിനെയും അപമാനിച്ചു. മൻമോഹൻ സിങ് ഏറ്റവും സത്യസന്ധതയുള്ള പ്രധാനമന്ത്രിയായിരുന്നു എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്. മൻമോഹന്റെ ഭാര്യയോട് മാപ്പ് പറയാൻ കെജ്രിവാൾ തയ്യാറാവണം. താങ്കൾ കോൺഗ്രസിനോട് സഖ്യത്തിനായി യാചിക്കുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് സീറ്റിലും താങ്കളുമായി സഖ്യമുണ്ടാക്കിയത് വലിയ അബദ്ധമായിപ്പോയി. കെജ്രിവാളിന് തന്റേടമുണ്ടെങ്കിൽ അദ്ദേഹം ഇൻഡ്യാ സഖ്യത്തിൽനിന്ന് പുറത്ത് പോകണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റ് നേടി കോൺഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോൾ എഎപി ഡൽഹിയിലെ ഏഴ് സീറ്റും ബിജെപിക്ക് ദാനം ചെയ്യുകയായിരുന്നു”-അൽകാ ലംബ പറഞ്ഞു.
രാഹുൽ ഗാന്ധി സത്യസന്ധതയില്ലാത്ത നേതാവാണെന്ന് ആരോപിച്ച് എഎപി ഇന്ന് പോസ്റ്റർ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ അൽകാ ലംബ എഎപിയെ കടന്നാക്രമിച്ചത്. മോദി, അമിത് ഷാ എന്നിവർക്ക് പുറമെ സന്ദീപ് ദീക്ഷിത്, അജയ് മാക്കൻ എന്നിവരെയും എഎപിയുടെ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നു.
എഎപിയും ബിജെപിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് എന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ ആരോപണം. രണ്ട് പാർട്ടികളും തമ്മിൽ ഒരു വ്യത്യാസവുമില്ല. എഎപിക്കും ബിജെപിക്കും എതിരെയാണ് കോൺഗ്രസ് മത്സരിക്കുന്നത്. എഎപി ബിജെപിയുടെ ബി ടീമാണ്. എഎപിയും ബിജെപിയും ഒത്തുകളിക്കുകയാണ്. ഇത് അണ്ണാ ഹസാരെയുടെ സമരം തൊട്ട് തുടങ്ങിയതാണ്. രണ്ട് പാർട്ടികളും പ്രചോദനമുൾക്കൊള്ളുന്നത് ആർഎസ്എസിൽ നിന്നാണെന്നും ജയറാം രമേശ് ആരോപിച്ചു.