കൊല്ലം : ഓയൂരില്‍നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ മൂന്നുപേരിലേക്ക് അന്വേഷണമെത്തുന്നതിന് ഇടയാക്കിയ വിവരം നല്‍കിയത് കല്ലുവാതുക്കല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍. പൊലീസിന് അന്വേഷണത്തിനിടെ ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചതാണ് വഴിത്തിരിവായത്. പിന്നീട് ഇതു കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. ഡ്രൈവറെ ചോദ്യം ചെയ്തതോടെ പ്രതികളെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.
ചാത്തന്നൂരുള്ള ഒരു വ്യക്തിയാണ് പിന്നിലെന്ന് ആദ്യം സംശയം പറഞ്ഞത് ഈ ഓട്ടോ ഡ്രൈവറാണ്. ഇയാള്‍ക്ക് സ്വിഫ്റ്റ് ഡിസയര്‍ കാറും മറ്റൊരു നില നിറത്തിലുള്ള കാറുമുള്ളതായി ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വെള്ള സ്വിഫ്റ്റ് കാര്‍ വീട്ടില്‍ ഉപേക്ഷിച്ച് നീലക്കാറില്‍ കടന്നതായി വിവരം ലഭിച്ചു.
പ്രതികള്‍ കേരളം വിടാന്‍ പദ്ധതിയിട്ടതായി പൊലീസിന് മനസിലായി. മൊബൈല്‍ സിഗ്നല്‍ പരിശോധിച്ചാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്. പുളിയറയില്‍ നിന്നാണ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.