തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സർക്കാർ നൽകി വരുന്ന വാർഷിക തുക 58,500 രൂപയിൽനിന്ന് മൂന്നിരട്ടിയാക്കി. 2022ലെ ശ്രീപണ്ടാര വക ഭൂമികൾ(നിക്ഷിപ്തമാക്കലും ബന്ധവിമോചനവും) ഭേദഗതി ബില്ലിലാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ള തുക വർധിപ്പിച്ചത്.
ജൂലൈ 11 വരെ ഈ വർഷം 518.58 കോടി രൂപയാണ് പിണറായി സർക്കാർ ക്ഷേത്രങ്ങൾക്കായി ചെലവഴിച്ചത്. ജീവനക്കാരുടെ ശമ്പളം, നവീകരണം, പുതിയ നിർമാണങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങൾക്കാണ് തുക അനുവദിച്ചത്. പത്ത് വർഷത്തേക്കുള്ള വർധനയാണ് മന്ത്രി കെ രാജൻ നിയമസഭയിൽ അവതരിപ്പിച്ച ബില്ലിലുള്ളത്. ഭേദഗതിയനുസരിച്ച് 1.75 ലക്ഷം രൂപ സാമ്പത്തികവർഷാരംഭത്തിൽ നൽകും.
പത്തുവർഷത്തിനുശേഷം എത്ര തുകയാണ് വർധിപ്പിക്കേണ്ടതെന്നത് സർക്കാരിന് തീരുമാനിക്കാം. ഇത് ചർച്ചചെയ്ത് ഓരോ തവണയും വർധിപ്പിക്കും. പത്മനാഭസ്വാമിക്ഷേത്രത്തിൽ ചെലവ് കൂടുന്ന സാഹചര്യമാണുള്ളത്. സർക്കാർ നൽകുന്ന തുക വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിക്കുമെന്ന് ഭരണസമിതി വ്യക്തമാക്കി. വാർഷികതുക വർധിപ്പിക്കുന്നത് കൂടുതൽ സഹായമാകുമെന്നും അവർ പറഞ്ഞു.