തിരുവനന്തപുരം : പ്രളയവും ഉരുള്‍പൊട്ടലും അടക്കം ദുരന്തകാലത്ത് കേരളത്തിന് നല്കിയ തുക തിരിച്ചടയ്ക്കേണ്ടി വരില്ലെന്ന് ബിജെപി നേതാവ് വി മുരളീധരന്. കേന്ദ്രം തരുന്ന പണം എന്നാല്‍ നരേന്ദ്രമോദി ജിയുടെ കൈയില്‍ നിന്ന് എടുത്ത് തരുന്ന പണം അല്ല. ഈ പണം ഞാനും നിങ്ങളും കൊടുക്കുന്ന നികുതിപ്പണമാണ്. ആ നികുതിപ്പണം നിയമപരമായിട്ട് മാത്രമേ കൈകാര്യം ചെയ്യാവൂ എന്നുള്ളതാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ വെക്കുന്ന നിബന്ധനയെന്നും വി മുരളീധരന് പറഞ്ഞു.
നിയമപരമായിട്ട് കൈകാര്യം ചെയ്യാതിരുന്ന് കഴിഞ്ഞാല്‍ നാളെ അഴിമതിക്ക് കാരണമാകും. അഴിമതി ഇല്ലാതിരിക്കണമെങ്കില്‍ നിയമാനുസൃതമായിട്ടായിരിക്കണം എല്ലാ കാര്യങ്ങളും ചെയ്യേണ്ടത്. നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. അപ്പോള്‍ അത് കേരളത്തെ ഞെരുക്കാന്‍ വേണ്ടി ചെയ്യുകയാണ് എന്നാണ് ആക്ഷേപം. സമയാസമയങ്ങളില്‍ ചെയ്യേണ്ട ജോലി ചെയ്യാതെ വരുമ്പോള്‍ അത് മറച്ചു പിടിക്കാന്‍ വേണ്ടിയാണ് ഇത്തരം ദുരുദ്ദേശപരമായ ആക്ഷേപണങ്ങളെന്നും മുരളീധരന് പറഞ്ഞു.