തിരുവനന്തപുരം: താനൂര്‍ കസ്റ്റഡി മരണത്തില്‍ തനിക്കെതിരായ പൊലീസ് അരോപണം അടിസ്ഥാന രഹിതമാണെന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന് ഡോക്ടര്‍ ഹിതേഷ്. പോസ്റ്റുമോര്‍ട്ടത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ വീഡിയോഗ്രാഫി ചെയ്തിട്ടുണ്ടെന്നും മൂന്നു ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹത്തിലെ പരിക്കുകള്‍ അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് കാണിച്ചു കൊടുത്തിരുന്നു. മരണകാരണ സാധ്യതകളാണ് പോസ്റ്റുമോര്‍ട്ടം റിപ്പേര്‍ട്ടില്‍ ചൂണ്ടികാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശ ലംഘനങ്ങള്‍ ഒരുതരത്തിലും അനുവദിക്കില്ല. പൊലീസ് ഉദ്ദേശിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാനാവില്ല. റീപോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ തെളിവ് കിട്ടുമോയെന്ന് സംശയമാണ് ഡോക്ടര്‍ പറഞ്ഞു. താന്‍ ഒരു പൊലീസുകാരന്റെയും കാലുപിടിച്ചിട്ടില്ല. ഹൈക്കോടതി അഞ്ചു വര്‍ഷം മുമ്പ് തള്ളിയ കേസിനെ കുറിച്ച് പൊലിസ് പറയുന്നത് വിലകുറഞ്ഞ ആരോപണമാണെന്നും ഡോ. ഹിതേഷ് കൂട്ടിചേര്‍ത്തു.
താനൂര്‍ കസ്റ്റഡിമരണത്തില്‍ ഫോറന്‍സിക് മേധാവി ഡോ. ഹിതേഷ് തെറ്റായ കാര്യങ്ങള്‍ രേഖപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസ് രംഗത്തെത്തിയിരുന്നു. ശരീരത്തില്‍ ഏറ്റ പരിക്കുകള്‍ മരണകാരണമായി എഴുതിച്ചേര്‍ത്തതാണെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് മേധാവിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് അന്വേഷണസംഘം.
കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറിയിരുന്നു. അതിനിടെയാണ് താമിറിനെ പോസ്റ്റ് മോര്‍ട്ടം ചെയ്ത ഫോറന്‍സിക് സര്‍ജനെതിരെ പൊലീസ് രംഗത്തെത്തിയത്. അമിതമായ ലഹരി ഉപയോഗവും ഹൃദ്രോഗവുമാണ് മരണകാരണമെന്ന് രേഖപ്പെടുത്തുമ്പോള്‍ തന്നെ ശരീരത്തിന് ഏറ്റ പരിക്കുകളും മരണകാരണമായെന്ന് എഴുതി ചേര്ത്തത്ബോധപൂര്വമാണെന്നാണ് പൊലീസ് പറയുന്നത്.
മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജനായ ഡോ. ഹിതേഷിന്റെ അടുത്ത ബന്ധുവിനെതിരെ തൃശൂര്‍ പൊലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ നിന്ന് ഒഴിവാക്കാനായി ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പടെ ഹിതേഷ് സമീപിച്ചിരുന്നു. എന്നാല്‍ അതിന് വഴങ്ങാത്തതിനെ തുടര്‍ന്ന് കടുത്തവിദ്വേഷം വച്ചുപുലര്‍ത്തുകയാണെന്നാണ് പൊലീസ് പറയുന്നത്. ആന്തരികാവയവ പരിശോധനയ്ക്ക് ശേഷം മാത്രമെ ശരീരത്തില്‍ ഏറ്റ പരിക്കുകള്‍ മരണകാരണമാണോ എന്നറിയാന്‍ കഴിയുകയുള്ളു. എന്നാല്‍ അതിന് മുന്‍പെ അത്തരത്തിലൊരു നിഗമനത്തിലെത്തി, എഴുതിച്ചേര്‍ത്തത് ബോധപൂര്‍വാണ്. അദ്ദേഹത്തിനെതിരെ അന്വേഷണം വേണമെന്നും, മറ്റ് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ച് വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്നും പൊലീസ് ആവശ്യപ്പെടുന്നു.