മലപ്പുറം : താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളുമായി പൊലീസ് സംഘം തിരൂരിലെത്തി. ഗരിബ് എക്സ്പ്രസിൽ 12 മണിക്കാണ് പെൺകുട്ടികളും സംഘവും തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഇവരെ
മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തി കൗൺസിലിങ്ങിന് ശേഷം വീട്ടുകാരോടൊപ്പം വിട്ടയക്കും. എങ്ങിനെയാണ് കുട്ടികൾക്ക് പണം കിട്ടിയത്, കുട്ടികൾ നാട് വിട്ട് പോകാനുള്ള കാരണമെന്താണ് എന്നുള്ള കാര്യങ്ങളിൽ കൂടി പൊലീസിന് ഇനി വ്യക്തത വരുത്തേണ്ടതുണ്ട്.
പെൺകുട്ടികൾക്കൊപ്പം കോഴിക്കോട് നിന്നും മുംബൈയിലേക്ക് യാത്ര ചെയ്ത റഹീം അസ്ലമീനെ ഇന്ന് രാവിലെ അഞ്ച് മണിയോടെ തിരൂരിൽ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. താനൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് യുവാവിനെ വിഷദമായി ചോദ്യം ചെയ്ത് വരികയാണ്. കുട്ടികളെ യുവാവ് എങ്ങിനെയാണ് സഹായിച്ചത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
കുട്ടികളുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം മാത്രമായിരിക്കും യുവാവിനെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കുന്ന കാര്യം പൊലീസ് തീരുമാനിക്കുക.
കഴിഞ്ഞ ബുധനനാഴ്ചയാണ് താനൂർ ദേവദാർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ കുട്ടികളെ കാണാതായത്. സ്കൂളിൽ പരീക്ഷയെഴുതാനായി പോകുന്നുവെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങിയത്. സ്കൂളിൽ കുട്ടികള്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. മൂന്നാം തീയതി ഇരുവരും സ്കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ച ഒരാള്‍ക്ക് മാത്രമാണ് പരീക്ഷ ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ മുംബൈ ലോണാവാലയിൽ നിന്ന് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോണാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്. തുടര്‍ന്നാണ് നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികളാരംഭിച്ചത്.