കോഴിക്കോട് : ഉത്തര മലബാറിന്റെ ഗതാഗത വികസനത്തിലെ കുതിപ്പായി പരിഗണിക്കുന്ന തലശേരി-മാഹി ബൈപാസ് ഒരു മാസത്തിനകം പൂർത്തിയാകും. തലശേരി, മാഹി ടൗണുകളെ ഒഴിവാക്കിയാണ് ബൈപാസ്. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് നിന്നാരംഭിച്ച് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ അവസാനിക്കുന്ന 18.6 കിലോമീറ്റർ റോഡിൽ ഇനി മിനുക്കുപണി മാത്രമാണ് ബാക്കി. 45 മീറ്റർ വീതിയുള്ളതാണ് ആറുവരിപ്പാത. റോഡിന് അനുബന്ധമായി നടപ്പാതയില്ല. റോഡിന് ഇരുഭാഗത്തുമായി 36 കിലോമീറ്റർ നീളത്തിൽ സർവീസ് റോഡുകളുണ്ടാവും. തർക്കമുള്ള ഏതാനും സ്ഥലത്ത് മാത്രമാണ് സർവീസ് റോഡ് പണി അവശേഷിക്കുന്നത്.
മുഴപ്പിലങ്ങാട്, ചിറക്കുനി, ബാലം, മാഹി എന്നിവിടങ്ങളിലാണ് വലിയ പാലങ്ങൾ. ഇരുപത് അടിപ്പാതകൾക്കു പുറമെ ചാലക്കരയിൽ മേൽപ്പാതയും പാറാലിൽ ചെറു അടിപ്പാതയുമുണ്ട്. നൂറുകിലോമീറ്റർ വേഗത്തിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാനാവും.
ബാലം പാലത്തിലും മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തെ മേൽപ്പാലത്തിലുമാണ് പ്രവൃത്തി മാത്രം ആണ് ബാക്കി. പാലങ്ങളുടെ ഉപരിതലം ഒഴികെ ടാറിങ് കഴിഞ്ഞു. ബാലം പാലം പ്രവൃത്തി പത്തുദിവസത്തിനകം തീരും. മാഹി റെയിൽവേ മേൽപ്പാലത്തിൽ നാല് സ്പാനുകളിൽ ഗർഡർ സ്ഥാപിച്ചു. അഞ്ചാമത്തെ ഗർഡർ എത്തിച്ചു. ഒരെണ്ണം അടുത്തദിവസമെത്തിക്കും.