തലശ്ശേരി: ബിഷപ്പുമാർക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തെ വേദനിപ്പിച്ചെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. സമീപകാലത്ത് ക്രൈസ്തവ സമൂഹത്തെ ഇത്ര അപമാനിച്ച പ്രസ്താവന ഉണ്ടായിട്ടില്ല. മന്ത്രിയുടെ രാഷ്ട്രീയം ബിഷപ്പുമാരെക്കൊണ്ട് പറയിപ്പിക്കാൻ വ്യഗ്രതപ്പെടേണ്ട. ചില കമ്മ്യൂണിസ്റ്റ് നേതാക്കൾ സഭയെ ബിജെപി പക്ഷത്താക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നു. ഉത്തരവാദിത്തപ്പെട്ടവർ പറയാൻ പാടില്ലാത്ത വാക്കുകളായിരുന്നു. വീഞ്ഞും കേക്കുമെന്ന വാക്ക് തിരുത്തിയത് ആശ്വാസകരമെന്നും പാംപ്ലാനി പറഞ്ഞു. ‘നവകേരള സദസ്സിൽ ഞാൻ പങ്കെടുത്തത് മുഖ്യമന്ത്രി ക്ഷണിച്ചതുകൊണ്ടാണ്. അല്ലാതെ രാഷ്ട്രീയപാർട്ടിയുടെ നേതാവ് എന്ന നിലയില്ല പങ്കെടുക്കുന്നത്. ഏതെങ്കിലും ബിഷപ്പുമാർ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചത് അദ്ദേഹത്തിന്റെ വസതിയിൽ ചെന്നെങ്കിൽ അത് ഈ വിശാലവീക്ഷണത്തിൽ തന്നെയാണ്. അതിനെ മാത്രം കക്ഷിരാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ല’. അദ്ദേഹം പറഞ്ഞു.