സെഞ്ചൂറിയൻ : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പയ്ക്ക് നാളെ തുടക്കം. ഇന്ത്യ വലിയൊരു ലക്ഷ്യമാണ് മുന്നിൽ കാണുന്നത്. കഴിഞ്ഞ 30 വർഷത്തിൽ അധികമായി ഒരിക്കൽ പോലും ഇന്ത്യ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര വിജയിച്ചിട്ടില്ല. നാണക്കേടിന്റെ ഈ ചരിത്രം മായ്ക്കുകയാണ് രോഹിതും സംഘവും ലക്ഷ്യമിടുന്നത്.
1992 മുതൽ ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ഏഴ് തവണയും തോൽവിയായിരുന്നു ഫലം. 2010-11 കാലത്ത് നടന്ന പരമ്പര സമനിലയിൽ ആക്കിയാണ് ഇന്ത്യ മടങ്ങിയത്.
ആകെ 23 ടെസ്റ്റ് മത്സരങ്ങളാണ് ഇതുവരെ ഇന്ത്യ പ്രോട്ടീസ് മണ്ണില്‍ കളിച്ചത്. നാല് വിജയം മാത്രം. 12 മത്സരങ്ങള്‍ തോറ്റു. ഏഴ് മത്സരങ്ങള്‍ സമനില.
എന്നാൽ ഈ ലക്ഷ്യം തടയാനായിരിക്കും ദക്ഷിണാഫ്രിക്ക ശ്രമിക്കുക. ടെംബ ബവുമയുടെ നേതൃത്വത്തിലുള്ള ടീമാണ് ഇറങ്ങുന്നത്. ടി20, ഏകദിന പരമ്പരകൾ അടിയറ വച്ച പ്രോട്ടീസിനു വൈറ്റ് വാഷ് ഒഴിവാക്കാൻ ടെസ്റ്റ് പരമ്പര നേടേണ്ടതുണ്ട്. രണ്ട് മത്സങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ടെസ്റ്റിൽ കളിക്കുന്നത്.