ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ ഇലക്ട്രോണിക്സുമായി കരാറിലേര്‍പ്പെട്ട് യു.എസ് വൈദ്യുത വാഹന നിര്‍മാതാക്കളായ ടെസ്ല. വൈദ്യുത വാഹനങ്ങള്‍ക്കായുള്ള സെമികണ്ടക്ടര്‍ ചിപ്പുകള്‍ക്ക് വേണ്ടിയാണ് കരാറിലേര്പ്പെട്ടെതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ടെസ്ലയുടെ മേധാവി ഇലോണ്‍ മസ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈ മാസം 22ന് കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് ടാറ്റയുമായുള്ള കരാര്‍. സെമികണ്ടക്ടടര് ചിപ്പുകളുടെ നിര്‍മാണം കൂട്ടുന്നതിന്റെ ഭാഗമായി ടാറ്റ ഇലക്ട്രോണിക്സ് ജീവനക്കാരുടെ എണ്ണം അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു.
വാഹന ഉല്‍പാദനത്തിനപ്പുറം ഇന്ത്യയില്‍ വിതരണ ശൃംഖലയും തുടങ്ങാനും ടെസ്ലയ്ക്ക് താത്പര്യമുണ്ട്. ടെസ്ല ഇന്ത്യയിലെത്തുമെന്ന് ഉറപ്പായതോടെ ഫാക്ടറി നിര്‍മാണത്തിന് ഇന്ത്യയില്‍ സ്ഥലം കണ്ടെത്തുന്നതിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും സംസ്ഥാന സര്‍ക്കാരുകള്‍ ഭൂമി വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ ഗുജറാത്തിനാണ് കൂടുതല്‍ സാധ്യത. അതേസമയം ഇന്ത്യയില്‍ ഫാക്ടറി തുറക്കുന്നത് സംബന്ധിച്ച് ടെസ്ല ഔദ്യോഗികമായി ഇനിയും പ്രതികരിച്ചിട്ടില്ല.