ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് ട്വിറ്റര്‍ ഉടമയും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്ക്. താന്‍ മോദിയുടെ ആരാധകനാണ് എന്ന് പറഞ്ഞ ഇലോണ്‍ മസ്ക്്, ഇന്ത്യയില്‍ ശരിയായ കാര്യങ്ങള്‍ ചെയ്യണമെന്ന് മോദി ആഗ്രഹിക്കുന്നതായും പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച നടത്തി. ട്വിറ്ററിന്റെ ഉടമയായ ശേഷം പ്രധാനമന്ത്രി മോദിയും മസ്കും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
‘ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള ഒരു മികച്ച കൂടിക്കാഴ്ചയായിരുന്നു ഇത്. അവസരങ്ങള്‍ക്കായി രാജ്യം തുറക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. പുതിയ കമ്പനികളെ പിന്തുണയ്ക്കാനും അത് ഇന്ത്യയുടെ നേട്ടത്തിന് കാരണമാകുമെന്ന് ഉറപ്പാക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. ഇന്ത്യയ്ക്കായി ശരിയായ കാര്യം ചെയ്യാന്‍ അദ്ദേഹം ശ്രമിക്കുന്നു. ഞാന്‍ മോദിയുടെ ആരാധകനാണ്.’- ഇലോണ്‍ മസ്കിന്റെ വാക്കുകള്‍.
ടെസ്ലയുടെ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണ കേന്ദ്രം ഇന്ത്യയില്‍ തുടങ്ങുന്നതിനെ കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയതായാണ് വിവരം. ‘ടെസ്ല ഇന്ത്യയില്‍ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, അത് കഴിയുന്നത്ര വേഗത്തില്‍ ചെയ്യും’- ഇലോണ്‍ മസ്ക് മാധ്യമങ്ങളോട് പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. താൻ ഉടൻതന്നെ ഇന്ത്യയിലെത്തുമെന്നും മസ്ക് വ്യക്തമാക്കി. 2015ൽ കാലിഫോർണിയയിലെ ടെസ്ല മോട്ടോഴ്സ് ഫാക്ടറി നരേന്ദ്ര മോദി സന്ദർശിച്ചിരുന്നു.