ന്യൂഡല്‍ഹി : ലോകത്തെവിടെയും ഏത് രൂപത്തിലായാലും ഭീകരവാദം മനുഷ്യത്വത്തിന് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധവും സംഘര്‍ഷങ്ങളും മാനവരാശിയുടെ താല്‍പ്പര്യങ്ങള്‍ക്കും പുരോഗതിക്കും എതിരാണ്. സമാധാനത്തിനും സാഹോദര്യത്തിനുമുള്ള സമയമാണിതെന്നും മോദി പറഞ്ഞു.
ജി 20 രാജ്യങ്ങളുടെ പാര്‍ലമെന്ററി സ്പീക്കര്‍മാരുടെ ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എന്തു കാരണം കൊണ്ട് രൂപമെടുക്കുന്നതായാലും, ഭീകരവാദം മാനവികതയ്ക്കെതിരാണ്. ഇതിനെതിരെ ഒരുമിച്ച് നടന്ന് മുന്നോട്ട് പോകാനുള്ള സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ലോകത്തിന്റെ ഏത് ഭാഗത്തും നടക്കുന്ന സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും എല്ലാവരേയും ബാധിക്കും. ഇത്തരം ഏറ്റുമുട്ടലുകള്‍ ആര്‍ക്കും ഗുണം ചെയ്യില്ല. മനുഷ്യ കേന്ദ്രീകൃത സമീപനത്തിലൂടെ ലോകം മുന്നോട്ട് പോകണമെന്നും നരേന്ദ്രമോദി പറഞ്ഞു.
എല്ലാ തരത്തിലുമുള്ള ഭീകരവാദങ്ങളും ഉന്മൂലനം ചെയ്യണം. ഇതില്‍ സമവായമില്ലാത്തത് ഭീകരര്‍ മുതലെടുക്കുന്നു. ഭീകരവാദ ആക്രമണങ്ങള്‍ നേരിട്ടാണ് ഇന്ത്യയും മുന്നോട്ടു പോകുന്നത്. ആഗോള വിശ്വാസത്തിന്റെ വഴിയിലെ തടസ്സങ്ങള്‍ നമ്മള് ഒരുമിച്ച് നീക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.