ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. കേന്ദ്രമന്ത്രി ആര്‍കെ രഞ്ജന്‍ സിങ്ങിന്റെ വീടിന് തീയിട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. ഇംഫാലിലെ വീട്ടിലേക്ക് ഇരച്ച് എത്തിയ ജനക്കൂട്ടം വീടിന് തീയിടുകയായിരുന്നു. അക്രമ സമയത്ത് മന്ത്രി വീട്ടിലുണ്ടായിരുന്നില്ല.
മന്ത്രിയുടെ വീട്ടില്‍ വിന്യസിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രിക്കാനാവുന്നതിനും അപ്പുറമായിരുന്നു ജനക്കൂട്ടം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇംഫാലിൽ കർഫ്യൂ ഉണ്ടായിരുന്നിട്ടും അക്രമികൾ നഗരത്തിൽ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു.കഴിഞ്ഞ ദിവസം മണിപ്പൂരിൽ വ്യവസായ മന്ത്രിയുടെ വീടിനു അക്രമികൾ തീയിട്ടിരുന്നു. വ്യവസായ മന്ത്രി നെംച കിപ്ജെന്റെ ഔദ്യോഗിക വസതിക്കാണ് തീയിട്ടത്. അക്രമികൾക്ക് വേണ്ടി സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചു. സമാധാന നീക്കങ്ങൾക്ക് തുരങ്കം വയ്ക്കുന്ന എല്ലാ നീക്കങ്ങളെയും ശക്തമായ് ചെറുക്കുമെന്ന് രാജ് ഭവൻ വ്യക്തമാക്കി.
സമാധാന ശ്രമങ്ങള്‍ നടക്കുന്നതിനിടെ മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്. ഖമെന്‍ലോക് മേഖലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ ഒന്‍പത് പേര് കൊല്ലപ്പെട്ടു. സംസ്ഥാനത്ത് മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഒരു മാസത്തിലേറെയായി സംഘര്‍ഷം തുടരുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീണ്ടും മണിപ്പൂര്‍ സന്ദര്‍ശിച്ചേക്കും. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നില്ല എന്ന വിമര്‍ശനവും രൂക്ഷമാണ്.