കൊച്ചി : കൊച്ചി മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടു. 10,33,59,586 ആളുകളാണ് കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിച്ചതുമുതല്‍ യാത്ര ചെയ്തത്. 2017 ജൂണ്‍ 19 നാണ് കൊച്ചി മെട്രോ യാത്ര തുടങ്ങിയത്. 2023 ഡിസംബര്‍ 29 വരെ യാത്ര ചെയ്തവരുടെ കണക്കാണിത്.
ആറര വര്‍ഷത്തിലാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചത്. സര്‍വ്വീസ് ആരംഭിച്ച് അഞ്ച് വര്‍ഷത്തോളം പ്രവര്‍ത്തച്ചെലവുകള്‍ വരുമാനത്തില്‍ നിന്നുതന്നെ നിറവേറ്റാന്‍ കെഎംആര്‍എല്ലിനു സാധിച്ചു. ദൈനംദിന യാത്രകള്ക്കായികൊച്ചിയില് ഏറെപ്പേരും ആശ്രയിക്കുന്നത് കൊച്ചിമെട്രോ തന്നെയാണ്.
2021 ഡിസംബര്‍ 21 നാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത്. ഇതിന് ശേഷം ഏഴ് മാസത്തിനകം 2022 ജൂലൈ 14 ന് യാത്രക്കാരുടെ എണ്ണം ആറ് കോടി പിന്നിട്ടിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നാല് കോടിയാളുകളാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്. 2023-ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായത്. നിര്‍മാണം പൂര്‍ത്തിയായി തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് കൂടി സര്‍വ്വീസ് ആരംഭിക്കുന്നതോടെ ദിനംപ്രതി യാത്രക്കാരുടെ എണ്ണം ഒരുലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷ.