ഹൈദരാബാദ്: മുതിര്‍ന്ന തെലുങ്ക് നടന് ചന്ദ്ര മോഹന്‍ (80) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച രാവിലെയാണ് മരണം. കുറച്ചുനാളുകളായി പ്രായാധിക്യത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ അലട്ടിയിരുന്നു.
ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവും പ്രമുഖ സംവിധായകനുമായ കെ വിശ്വനാഥിന്റെ ബന്ധുവാണ്. പ്രമുഖ പിന്നണി ഗായകന് എസ്പിബിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 932 സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ചന്ദ്ര മോഹന്‍ 150 ചിത്രങ്ങളില്‍ നായക പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അഭിനയമികവിന് ഒട്ടേറെ പുരസ്കാരങ്ങളും ചന്ദ്രമോഹനെ തേടിയെത്തി. 1979ൽ പുറത്തിറങ്ങിയ ‘പടഹരല്ല വയസു’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് നേടി. 1987-ൽ ചന്ദമാമ രാവേ എന്ന ചിത്രത്തിന് നന്ദി അവാർഡ് നേടി. അത്തനോക്കാടെ എന്ന ചിത്രത്തിലെ സഹനടനെന്ന നിലയിലും നന്ദി അവാർഡ് ലഭിച്ചു. ഓക്സിജനാണ് ചന്ദ്രമോഹന്റെ അവസാന ചിത്രം. ജലന്ധരയാണ് ഭാര്യ. രണ്ട് പെൺമക്കളുമുണ്ട്. 1943ല്‍ ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പാമിഡിമുക്കാല ഗ്രാമത്തിലാണ് ജനനം. 1966ല്‍ ഇറങ്ങിയ രംഗുല രത്നമാണ് ആദ്യ ചിത്രം. ആദ്യചിത്രത്തിനു തന്നെ മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ നന്ദി അവാർഡ് അദ്ദേഹത്തെ തേടിയെത്തി.