തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും തീവ്രമാകുന്നതോടെ സംസ്ഥാനത്ത് ഇന്നുമുതൽ മഴ കനക്കും. തുലാവര്‍ഷം ആരംഭിച്ചതോടെ അറബിക്കടലില്‍ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിന് മുകളിലായാണ് തേജ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.
ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തമായ പ്രദേശങ്ങളിലും മലയോര ജില്ലകളിലും പ്രത്യേക ജാഗ്രതാ നിര്‍ദേശവും ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായാണ് ശക്തമായ ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. കോമറിന് മേഖലയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്.