കോഴിക്കോട് : നിപ നിയന്ത്രണങ്ങള്‍ ലംഘിച്ച് നടത്തിയ ജില്ല അത്ലറ്റിക് ടീമിന്റെ സെലക്ഷന് നിര്‍ത്തിവെപ്പിച്ചു. കിനാലൂര്‍ ഉഷ സ്കൂള്‍ ഗ്രൗണ്ടിലായിരുന്നു ടീം സെലക്ഷന്. കൂടുതല്‍ ആളുകള്‍ എത്തിയതോടെ പനങ്ങാട് പഞ്ചായത്തും പൊലീസും ഇടപെട്ടതിന് പിന്നാലെയാണ് ടീം സെലക്ഷന് നിര്‍ത്തിയത്.
നിപ നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ല അത്ലറ്റിക് മീറ്റ് മാറ്റിവച്ചിരുന്നെങ്കിലും ടീ സെലക്ഷന് നടത്തിയിരുന്നില്ല. ഇന്ന് രാവിലെ മുതല്‍ കിനാലൂരിലെ ഉഷ സ്കൂള്‍ ഗ്രൗണ്ടിലായിരുന്നു ടീ സെലക്ഷന് നടത്താന്‍ തീരുമാനിച്ചത്. പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുളളവരാരും സെലക്ഷനില്‍ പങ്കെടുക്കരുതെന്നും നി പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ അത്ലറ്റിക് അസോസിയേഷന് അത്ലറ്റുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് സെലക്ഷനില്‍ പങ്കെടുക്കുന്നതിലായി നൂറിലധികം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളുമാണ് സ്ഥലത്ത് എത്തിയത്.
സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാനുള്ള അവസരം നഷ്ടമാകാതിരിക്കാനാണ് ട്രയല്‍സ് നടത്തുന്നതെന്നായിരുന്നു ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ വിശദീകരണം. ഈ മാസം 28ാം തീയതി കാലിക്കറ്റ് സര്‍വകാലാശാലഗ്രൗണ്ടില്‍ വച്ചാണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. സെലക്ഷന് നടത്തിയില്ലെങ്കില്‍ ജില്ലാ ടീമീനെ തെരഞ്ഞെടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ പ്രോട്ടോകോള്‍ നിര്‍ബന്ധമായി പാലിക്കണമെന്നും അത്ലറ്റുകളെ അറിയിച്ചിരുന്നതായും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 18 അണ്ടര്‍ 20 സീനിയര്‍ എന്നീവിഭാഗങ്ങളിലാണ് സെലക്ഷന് ട്രയല്‍ നടത്തിയത്.