വിശാഖപട്ടണം : ഗുണനിലവാരമുള്ള മദ്യം വിലകുറച്ച് നൽകുമെന്ന വാഗ്ദാനവുമായി തെലുങ്ക് ദേശം പാർട്ടി. നിയമസഭാ തിരഞ്ഞെടുപ്പിനും ലോക്സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായാണ് ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു ഈ വാഗ്ദാനം മുന്നോട്ടുവെച്ചത്. ടിഡിപി സർക്കാർ രൂപീകരിച്ച് കഴിഞ്ഞാൽ ഗുണനിലവാരമുള്ള മദ്യം വില കുറച്ചു നൽകുമെന്ന ഉത്തരവാദിത്വവും ഞങ്ങൾ ഏറ്റെടുക്കുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.
ആന്ധ്രയിൽ മദ്യം നിരോധിക്കുമെന്ന 2019 ലെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിന്ന് പിന്നോട്ട് പോയതിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെയും വൈഎസ്ആർ കോൺഗ്രസ് പാർട്ടിയെയും ചന്ദ്രബാബു നായിഡു വിമർശിച്ചു. “മദ്യവില ഉൾപ്പെടെ എല്ലാ സാധനങ്ങളുടെയും വില കുതിച്ചുയരുകയാണ്. ഞാൻ മദ്യത്തിൻ്റെ കാര്യം പറയുമ്പോൾ നമ്മുടെ യുവാക്കൾ ആഹ്ലാദിക്കുന്നു. മദ്യത്തിൻ്റെ വില കുറയ്ക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. 60 രൂപയിൽ നിന്ന് വില വർദ്ധിപ്പിച്ചത് ജഗൻ മോഹൻ റെഡ്ഡിയാണെന്നും ടിഡിപി അധ്യക്ഷന കൂട്ടിച്ചേർത്തു.
ആന്ധ്രാപ്രദേശ് സർക്കാർ 2019-20ൽ 17,000 കോടി രൂപയിൽ കൂടുതൽ എക്സൈസ് വരുമാനം വഴി 2022-23ൽ 24,000 കോടി രൂപ സമാഹരിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഔട്ട്ലെറ്റുകൾ വഴിയാണ് ആന്ധ്രാപ്രദേശിൽ മദ്യം വിൽക്കുന്നത്. ആയിരക്കണക്കിന് കോടി രൂപയോളം വരുന്ന വില വർധനയിൽ നിന്ന് ലാഭം കൊയ്യുമ്പോൾപോലും വൈഎസ്ആർ കോൺഗ്രസ് പാർട്ടി സർക്കാർ ഗുണനിലവാരമില്ലാത്ത മദ്യം വിതരണം ചെയ്യുന്നുവെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു.
ആന്ധ്രാപ്രദേശിലെ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ സീറ്റ് വിഭജനത്തിൽ ബിജെപി-ടിഡിപി-ജനസേന പാർട്ടികൾ മുന്നണിയായാണ് മത്സരിക്കുന്നത്. ആറ് ലോക്സഭാ സീറ്റുകളിലും 10 നിയമസഭാ സീറ്റുകളിലും ബിജെപി മത്സരിക്കും. അതേസമയം ടിഡിപിക്ക് 17 ലോക്സഭാ സീറ്റുകളും 144 നിയമസഭാ സീറ്റുകളും ഉണ്ട്. രണ്ട് ലോക്സഭാ മണ്ഡലങ്ങളും 21 നിയമസഭാ മണ്ഡലങ്ങളുമാണ് ജനസേനയ്ക്ക് നൽകിയിരിക്കുന്നത്.