അമരാവതി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു അറസ്റ്റിൽ. എപി സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ അഴിമതിക്കേസിലാണ് അറസ്റ്റ്. ശനിയാഴ്ച പുലർച്ചെ പാർട്ടി പ്രവർത്തകരുടെ വലിയപ്രതിരോധം ഭേദിച്ചാണ് നന്ദ്യാൽ പോലീസ് നായിഡുവിനെ അറസ്റ്റ് ചെയ്തത്.
റേഞ്ച് ഡിഐജി രഘുരാമി റെഡ്ഡി, ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റേയും (സിഐഡി) നേതൃത്വത്തിൽ പുലർച്ചെ മൂന്നോടെ മുൻ മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുക്കാൻ നന്ദ്യാലിലെ ആർകെ ഹാളിലെത്തി. ഈ സമയം അദ്ദേഹം കാരവാനിൽ വിശ്രമിക്കുകയായിരുന്നു. നായിഡുവിന് അടുത്തേക്ക് എത്താൻ പൊലീസിനെ ടിഡിപി പ്രവർത്തകർ അനുവദിച്ചില്ല.
തടിച്ചുകൂടിയ പാർട്ടി പ്രവർത്തകർ പൊലീസിനെ തടഞ്ഞു. നായിഡുവിന് സുരക്ഷയൊരുക്കുന്ന എസ്പിജിയും പൊലീസിനെ തടഞ്ഞു. ചട്ടങ്ങൾ പ്രകാരം പുലർച്ചെ 5.30 വരെ ആരെയും നായിഡുവിനടുത്തേക്ക് വിടില്ലെന്ന് എസ്പിജി നിലപാടെടുത്തു. ഒടുവിൽ രാവിലെ ആറോടെ കാരാവാനിൽനിന്നും പൊലീസ് നായിഡുവിനെ പുറത്തിറക്കി അറസ്റ്റ് ചെയ്തു. പിന്നീട് വിജയവാഡയിലേക്ക് കൊണ്ടുപോയി. ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്.