തിരുവനന്തപുരം : 100 ദിവസത്തെ ക്ഷയരോഗ (ടിബി) പ്രതിരോധ പരിപാടിയിൽ 53 ലക്ഷം പേരെ പരിശോധിച്ചതായും ഇതിൽ 5000 ക്ഷയ രോഗികളെ തിരിച്ചറിഞ്ഞതായും ആരോഗ്യ വകുപ്പ് അധികൃതർ. ഡിസംബർ ഏഴിനാണ് കാമ്പയിൻ ആരംഭിച്ചത്. രോഗ സാധ്യത, ലക്ഷണങ്ങൾ ഇവയൊക്കെ തിരിച്ചറിയുക ലക്ഷ്യമിട്ടാണ് പരിശോധന.
68,180 പേർക്ക് സാധ്യത, ലക്ഷണങ്ങൾ ഉള്ളതായി തിരിച്ചറിഞ്ഞു. 4,924 പേർക്കാണ് ക്ഷയരോഗം കണ്ടെത്തിയത്. 35 ശതമാനം ടിബി രോഗികളും പ്രമേഹ രോഗികൾ കൂടിയാണ്. ഈ മാസം 17നു കാമ്പയിൻ അവസാനിക്കും. അരോഗ്യ സേവന ഡയറക്ടർ ഡോ. കെജെ റീനയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
80 ശതമാനം സ്ക്രീനിങും മോളിക്യുലാർ ടെസ്റ്റിങ് ഉപയോഗിച്ചാണ് നടത്തിയതെന്നു സംസ്ഥാന ടിബി ഓഫീസർ കെകെ രാജാറാം വ്യക്തമാക്കി. പോഷകാഹാരക്കുറവ് ചികിത്സാ ഫലത്തെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായതിനാൽ രോഗികൾക്ക് ഭക്ഷണ കിറ്റുകൾ നൽകാൻ സർക്കാർ തുടക്കമിട്ടു. ഓരോ രോഗിക്കും പ്രതിമാസ പോഷകാഹാര കിറ്റുകൾ നൽകുന്ന നിക്ഷയ് മിത്രയിൽ അംഗങ്ങളാകാൻ നിരവധി കമ്പനികൾ, ഏജൻസികൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ മുന്നോട്ടു വന്നിട്ടുണ്ടെന്നു ലോകാരോഗ്യ സംഘടന കൺസൾട്ടന്റ് ഡോ. അപർണ മോഹൻ പറഞ്ഞു.
2023ൽ സംസ്ഥാനം 5.44 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. 21,582 പുതിയ ടിബി രോഗികളെയാണ് അന്നു കണ്ടെത്തിയത്. ഓരോ വർഷവും 2000 പേർ ടിബി അസുഖത്തെ തുടർന്നു മരിക്കുന്നു.
സ്വകാര്യ മേഖലയിൽ ടിബി നിർമാർജന സംവിധാനങ്ങൾ (STEP) സംസ്ഥാനത്ത് 355 കേന്ദ്രങ്ങളുണ്ട്. പൊതു ആരോഗ്യ സംവിധാനമുപയോഗിച്ച് സ്വകാര്യ ആശുപത്രികളിൽ ടിബി ചികിത്സ വേണ്ടവർക്ക് അതു ചെയ്യാനുള്ള സൗകര്യങ്ങളുമുണ്ട്. ക്ഷയ രോഗികളുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുകൾക്ക് പ്രതിരോധ ചികിത്സ നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. അണുബാധ പടരുന്നത് തടയുക എന്നതാണ് പരിശോധന, ചികിത്സ നയം ലക്ഷ്യമിടുന്നത്.