കൊച്ചി: കാൻസർ ചികിത്സയിൽ വിപ്ലവം സൃഷ്ടിക്കുന്ന വെറും നൂറ് രൂപയുടെ ഗുളിക മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ചിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചു. കാൻസർ ചികിത്സയുടെ ഭാരിച്ച പണച്ചെലവ് താങ്ങാനാവാത്ത ലക്ഷക്കണക്കിന് രോഗികൾക്ക് ഈ മരുന്ന് അനുഗ്രഹമാകും.
കേന്ദ്രസർക്കാരിന്റെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ അനുമതി കിട്ടിയാൽ ജൂൺ – ജൂലായിൽ ഗുളിക വിപണിയിൽ ലഭ്യമാവും. R+Cu എന്ന പേരിലാവും വിപണിയിലെത്തുക. ക്യാൻസർ ആവർത്തിക്കുന്നത് തടയാനും കീമോ തെറാപ്പിയുടെയും റേഡിയേഷന്റെയും പാർശ്വഫലം പകുതിയായി കുറയ്ക്കാനും ഈ ഗുളിക ഫലപ്രദമാണെന്ന് ടാറ്റ മെമ്മോറിയൽ ആശുപത്രിയിലെ സീനിയർ ക്യാൻസർ സർജൻ ഡോ. രാജേന്ദ്ര ബഡ്വേ പറഞ്ഞു.
വായ, ശ്വാസകോശം പാൻക്രിയാസ് തുടങ്ങിയ അവയവങ്ങളിലുണ്ടാവുന്ന ക്യാൻസർ ചികിത്സയിൽ ഗുളിക അതീവ ഫലപ്രദമാകും. പത്ത് വർഷം നീണ്ട ഗവേഷണത്തിലാണ് വിപ്ളവകരമായ കണ്ടുപിടുത്തം. പാർശ്വ ഫലങ്ങൾ സംബന്ധിച്ച് എലികളിലും മനുഷ്യരിലും പരീക്ഷണങ്ങൾ വിജയിച്ചതോടെയാണ് അനുമതിക്ക് സമർപ്പിച്ചത്.
പുതിയ മരുന്ന് മുൻകൂട്ടി കഴിച്ചാൽ ക്യാൻസർ വരുന്നത് തടയാൻ കഴിയുമോ എന്ന പരീക്ഷണങ്ങൾ നടക്കുകയാണ്. എലികളിൽ ഈ പരീക്ഷണം പൂർത്തിയായി. മനുഷ്യരിലെ പരീക്ഷണം പൂർത്തിയാവാൻ അഞ്ച് വർഷം വേണ്ടി വരും.
മുന്തിരിയും ചെമ്പും
റെസ്വെറാട്രോൾ ( R), കോപ്പർ ( Cu ) എന്നിവയാണ് ഗുളികയിലെ പ്രധാന ഘടകങ്ങൾ. ചുവന്ന മുന്തിരിയിൽ സമൃദ്ധമായുള്ള റെസ്വെറാട്രോൾ ക്യാൻസർ, കരൾ രോഗങ്ങൾ, ഹൃദയ – ശ്വാസകോശ രോഗങ്ങൾ, അൽഷിമേഴ്സ് തുടങ്ങി നിരവധി രോഗങ്ങളെ ചെറുക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കോപ്പർ ഓക്സിജൻ റാഡിക്കലുകളെ സൃഷ്ടിക്കും
ഗുളികയുടെ പ്രവർത്തനം
കാൻസർ ബാധിച്ച് നശിക്കുന്ന കോശങ്ങളിൽ നിന്നുണ്ടാവുന്ന ക്രോമസോം കണങ്ങൾ ( ക്രൊമാറ്റിൻ പാർട്ടിക്കിൾസ് ) ആണ് ആരോഗ്യമുള്ള കോശങ്ങളിൽ അർബുദമുണ്ടാക്കുന്നത്. ഇങ്ങനെയാണ് ശരീരത്തിൽ കാൻസർ പടരുന്നത് ( മെറ്റാസ്റ്റാസിസ് ). ഇവ ആരോഗ്യമുള്ള ക്രോമസോമുകളെ ആക്രമിച്ച് പുതിയ ട്യൂമറുകളും ഉണ്ടാവാം. ഗുളിക കഴിക്കുമ്പോൾ ആമാശയത്തിൽ ചാർജുള്ള ഓക്സിജൻ റാഡിക്കലുകൾ ഉണ്ടാവും. ഈ തന്മാത്രകൾ പെട്ടെന്ന് രക്തത്തിൽ കലർന്ന് ക്രൊമാറ്റിൻ കണങ്ങളെ നശിപ്പിക്കും. അതുവഴി ക്യാൻസർ പടരുന്നതും ചെറുക്കും.
എലികളിലെ പരീക്ഷണം
എലികളിൽ മനുഷ്യനിലെ ക്യാൻസർ കോശങ്ങൾ കുത്തിവച്ചപ്പോൾ അവയിൽ ട്യൂമറുകൾ ഉണ്ടായി. ചികിത്സയ്ക്ക് റേഡിയേഷനും കീമോ തെറാപ്പിയും ശസ്ത്രക്രിയയും നടത്തി. നശിക്കുന്ന കാൻസർ കോശങ്ങൾ ക്രൊമാറ്റിൻ കണികകളായി മാറുന്നത് കണ്ടു. ഇവയാണ് രക്തത്തിലൂടെ സഞ്ചരിച്ച് ശരീരമെമ്പാടുമുള്ള ആരോഗ്യമുള്ള കോശങ്ങളിൽ കാൻസറുണ്ടാക്കുന്നത്. എലികൾക്ക് ഈ മരുന്ന് നൽകിയപ്പോൾ ക്രൊമാറ്റിൻ കണങ്ങൾ നശിക്കുന്നതായി കണ്ടെത്തി.