ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേക്ക് ചുവടുവെച്ച് ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന്റെ സൂപ്പര്‍ ആപ്പായ ടാറ്റ ന്യൂവിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഒ.എന്‍.ഡി.സി (Open Network for Digital Commerce) വഴിയാണ് ഭക്ഷണ വിതരണം ആരംഭിച്ചത്. ഡല്‍ഹി-എന്‍.സി.ആര്, ബെംഗളൂരു എന്നിവിടങ്ങളിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. അടുത്തയാഴ്ചയോടെ മൂന്ന് മുന്‍നിര മെട്രോ നഗരങ്ങളിലേക്കും മേയ് പകുതിയോടെ ഇന്ത്യയിലുടനീളവും ഈ സംവിധാനമെത്തുമെന്നാണ് സൂചന. ഇതോടെ ടാറ്റ ന്യൂ ആപ്പില്‍ നഗരങ്ങളിലുടനീളമുള്ള വിവിധ ഭക്ഷണശാലകളില്‍ നിന്ന് ഭക്ഷണം വാങ്ങാന്‍ കഴിയും.
സൊമാറ്റോയുടെ പിന്തുണയുള്ള മാജിക്പിന്നുമായി ചേര്‍ന്നാണ് ഒ.എന്‍.ഡി.സിയുമായുള്ള സംയോജനത്തില്‍ ടാറ്റ ന്യൂ പ്രവര്‍ത്തിക്കുന്നത്. 2022 ഏപ്രില്‍ 7നാണ് ടാറ്റ ന്യൂ ആരംഭിച്ചത്. പലചരക്ക്, മരുന്നുകള്‍, ഇലക്ട്രോണിക്സ്, ഫാഷന്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ ടാറ്റ ന്യൂ സജീവമാണ്.
നിലവില്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖലയില്‍ 95 ശതമാനത്തിലേറെ വിഹിതം സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും കൈവശമാണ്. ഒ.എന്‍.ഡി.സി ഭക്ഷണ ഓര്‍ഡറുകള്‍ക്ക് വന്‍തോതില്‍ കിഴിവ് ലഭിക്കാറുള്ളതിനാല്‍ ടാറ്റ ന്യൂ വിതരണം ചെയ്യുന്ന ഭക്ഷണത്തിനും വില താരതമ്യേന കുറവായിരിക്കും. ഇത് സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും വിപണിയെ പ്രതികൂലമായി ബാധിച്ചേക്കും.
ഇന്ത്യയിലെ ചെറു സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ ഇ-കൊമേഴ്സ് രംഗത്ത് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പ്ലാറ്റ്ഫോമാണ് ഒ.എന്‍.ഡി.സി. 2021 ഡിസംബര്‍ 31നായിരുന്നു ഇതിന്റെ ഉദ്ഘാടനം.