മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ അറസ്റ്റിലായ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ബേപ്പൂര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഇന്ന് രാവിലെയാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ഇവരെ അറസ്റ്റ് ചെയ്തത്. ബോട്ടുടമയെ ഇവര്‍ നിയമവിരുദ്ധമായി സഹായിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.നേരത്തെ അറസ്റ്റിലായ ബോട്ടുടമ നാസറിനും ജീവനക്കാര്‍ക്കുമെതിരേ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇതോടെ ഉദ്യോഗസ്ഥരടക്കം പ്രതികളായ എല്ലാവര്ക്കെതിരേ കൊലക്കുറ്റം ചുമത്തി.
രൂപമാറ്റം വരുത്തിയ മത്സ്യബന്ധന ബോട്ടാണ് അപകടത്തിൽപെട്ടത്. വേണ്ടത്ര പരിശോധനകള്‍ നടത്താതെയാണ് ബോട്ടിന് അനുമതി നല്‍കിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.