


എം ജെ ബാബു
അന്തർ സംസ്ഥാന നദി ജല തർക്കം ജലവിഭവ മന്ത്രിയുടെ വകുപ്പിൽ ഉൾപ്പടുന്നതല്ല, അന്തർ സംസ്ഥാനമായതിനാൽ മുഖ്യമന്ത്രിയുടെതാണ് വകുപ്പ്. എന്നാൽ, ചില സന്ദർഭങ്ങളിൽ മുഖ്യമന്ത്രിയല്ലാതെയും വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെതാണ് വകുപ്പ് എങ്കിലും എല്ലാകാലത്തും വിഷയം കൈകാര്യം ചെയ്യുന്നത് ജലവിഭവ മന്ത്രിമാരും. ടി.എം.ജേക്കബ്ബ് എൻ.കെ.പ്രേമചന്ദ്രൻ എന്നിവരൊക്കെ നന്നായി വിഷയം പഠിച്ചവരും കേരളത്തിന് ലഭിക്കേണ്ട ജലം ചോദിച്ചു വാങ്ങിയവരും. കേരളത്തിനുണ്ടാകുന്ന ജല നഷ്ടത്തെ കുറിച്ച് പഠിക്കാൻ നിയമസഭയുടെ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്, അന്ന് ജലവിഭവ മന്ത്രിയായിരുന്ന ടി.എം.ജേക്കബ്ബ് അദ്ധ്യക്ഷനായിട്ടായിരുന്നു. എന്നാൽ, ജേക്കബ്ബിന്റെ പിൻഗാമിയായ കേരള കോൺഗ്രസുകാരൻ റോഷി അഗസ്റ്റിൻ ഇപ്പോൾ എന്തു കൊണ്ട് ചിലന്തിയാർ വിവാദത്തിൽ മൗനം പാലിക്കുന്നു?
ബഹുഭൂരിപക്ഷവും തമിഴ് വംശജർ വസിക്കുന്ന അതിർത്തി ഗ്രാമമായ വട്ടവട പഞ്ചായത്തിലെ ചിലന്തിയാറിൽ നിർമ്മിക്കുന്ന കുടിവെള്ള പദ്ധതിയെ വിവാദമാക്കിയിരിക്കുകയാണ് തമിഴ്നാടിലെ പ്രധാന പ്രതിപക്ഷമായ അണ്ണാ ഡിഎംകെയും ചില കർഷക സംഘടനകളും. കിഴക്കോട്ട് ഒഴുകുന്ന നദികളിൽ കേരളം പദ്ധതികൾ തയ്യാറാക്കുമ്പോഴെക്കും തമിഴ്നാടിലെ സംഘടനകൾ എതിർപ്പുമായി വരുന്നതും പതിവാണ്. അട്ടപ്പാടി ജലസേചന പദ്ധതി ഇപ്പോഴും ആരംഭിക്കാൻ കഴിയാത്തത് തമിഴ്നാടിൻറെ എതിർപ്പിനെ തുടർന്നാണ്. പാമ്പാറിലെ പട്ടിശേരിയിൽ തടയണ നിർമ്മിച്ച് കാന്തല്ലുരിൽ ജലസേചനം നടത്താനുള്ള പദ്ധതിയേയും തമിഴ്നാട് എതിർത്തിരുന്നു. പട്ടിശേരിയിൽ തടയണ നിർമ്മിച്ചാൽ ഉടുമൽപ്പേട്ട താലൂക്കിലെ അമരാവതി ഡാം വറ്റുമെന്നും 55000 ഹെക്ടറിലെ കൃഷി നശിക്കുന്നുമെന്നുമാണ് അന്ന് പറഞ്ഞത്. അതേ കാര്യമാണ് ഇപ്പോൾ വട്ടവടയിലെ ചിലന്തിയാർ പദ്ധതിക്കെതിരെയും പറയുന്നത്.
വട്ടവട, കാന്തല്ലുർ, മറയുർ, മൂന്നാർ, പഞ്ചായത്തുകളിൽ നിന്നും കൈവഴികളുള്ള പാമ്പാർ തമിഴ്നാടിലെ അമരാവതി ഡാമിലെത്തി തുടർന്ന് ഒഴുകിയും ജലസേചനം നടത്തിയും കാവേരിയിലാണ് ചേരുന്നത്. അതിനാൽതന്നെ കാവേരി തർക്കത്തിൽ പാമ്പാറും ‘‘കക്ഷി’’യാണ്. തർക്കത്തെ തുടർന്നാണ് ഏതാണ്ട് അര നൂറ്റാണ്ട് മുമ്പ് ആലോചിച്ച് തുടങ്ങിയ പാമ്പാർ മിനി ജലവൈദ്യുതി പദ്ധതി ഇനിയും ആരംഭിക്കാൻ കഴിയാത്ത്. കാവേരി ജലതർക്ക ട്രൈബ്യൂണൽ അന്തിമ വിധി പ്രഖ്യാപിച്ചപ്പോൾ പാമ്പാർ ജലവൈദ്യുതി പദ്ധതിക്ക് 0.10 ടിഎംസി (ദശലക്ഷം ഘനയടി) വെള്ളമാണ് അനുവദിച്ചത്. ഇപ്പോൾ തർക്കമുന്നയിക്കുന്നത് ചെങ്കലാറിന്റെ ഭാഗമായ ചിലന്തിയാറിൽ തടയണ നിർമ്മിക്കുന്നതിന് എതിരെയാണ്. ആദിവാസികുടികളിലേക്കടക്കം 617 കുടുംബങ്ങൾക്ക് കുടിവെള്ളം നൽകുന്നതാണ് പദ്ധതി. ഇതിനായി ചിലന്തിയാർ വെള്ളചാട്ടത്തിന് സമീപം തടയണയും പമ്പ് ഹൗസും സ്ഥാപിക്കും. ഒരു മീറ്റർ മാത്രം ഉയരത്തിലാണ് തടയണ. 45 മീറ്റർ നീളവും. 16.5725 കോടി രൂപയാണ് നിർമ്മാണ ചിലവ്.
സമുദ്ര നിരപ്പിൽ നിന്നും 5000 അടി മുതൽ 8500 അടി വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വട്ടവട പഞ്ചായത്തിൽ നിന്നുള്ള അരുവികൾ പാമ്പാറിന്റെ കൈവഴികളാണ്. എല്ലാം കിഴക്കോട്ട് ഒഴുകുന്നവ. ഇതിൽ ചെങ്കലാറിൽ 0.80 ടിഎംസിയും വട്ടവടയാറിൽ 0.52 ടിഎംസിയും കേരളത്തിന് ഉപയോഗിക്കാനാണ് കാവേരി ട്രൈബ്യുണൽ അനുമതി നൽകിയത്.പാമ്പാറിൽ ആകെ മൂന്ന് ടിഎംസി വെള്ളം കേരളത്തിന് ഉപയോഗിക്കാം. തലയാറിൽ 0.78 ടിഎംസിയും ചമ്പക്കാടിൽ 0.03 ടിഎംസിയും കുടിവെള്ളത്തിന് 0.02 ടിഎംസിയും വ്യവസായ ആവശ്യത്തിന് 0.01 ടിഎംസിയും മൈനർ ഇറിഗേഷന് 0.44 ടിഎംസിയും അനുവദിച്ചിരുന്നു. ഇത്രയും വെള്ളം കേരളം ഉപയോഗിച്ചാലും അമരാവതി വറ്റില്ലെന്നും അതിർത്തിക്കപ്പുറത്ത് ജലസേചനം മുടങ്ങില്ലെന്നുമാണ് ചൂണ്ടിക്കാട്ടിയത്. എന്നാൽ, കേരളത്തിന് പദ്ധതികൾ ഇല്ലാത്തിനാൽ വെള്ളം ഒഴുകുന്നത് തമിഴ്നാടിലേക്ക്.
കേരളത്തിലെ ഭരണ-പ്രതിപക്ഷ ദേശിയ കക്ഷികൾ തമിഴ്നാടിലെ ഭരണമുന്നണിയുടെ ഘടകകക്ഷികൾ ആയതിനാൽ മൗനം സ്വഭാവികം. എന്നാൽ, കേരള കോൺഗ്രസിന് തമിഴ്നാടിൽ കമ്മിറ്റി ഇല്ലെന്നിരിക്കെ എന്തിന് മൗനം. വട്ടവടയിൽ കേരള കോൺഗ്രസിന് കമ്മിറ്റി ഇല്ലാത്തത് കൊണ്ടായിരിക്കുേമാ? പണ്ടൊരിക്കൽ സിപിഎം പഞ്ചായത്ത് അപ്പാടെ കേരള കോൺഗ്രസായി മാറിയത് ഇതേ വട്ടവടയിലാണ്.
ചിത്രങ്ങൾ
ചിലന്തിയാർ അരുവി
ചിലന്തിയാർ തടയണയുടെ നിർമ്മാണം
നിർമ്മാണം തുടരുന്ന കാന്തല്ലൂരിലെ പട്ടിശേരി തടയണ



