ചെന്നൈ : പണം വാങ്ങി വോട്ട് ചെയ്യുന്നത് അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്‍കൈ എടുക്കണമെന്ന് നടൻ വിജയ്. പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാനായി വിജയ് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “നിങ്ങള്‍ വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് പറയൂ, ഈ കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് അവസാനിപ്പിക്കൂവെന്ന്. നിങ്ങള്‍ പറഞ്ഞാല്‍ അത് നടക്കും. നിങ്ങളെ പിന്തിരിപ്പിക്കാൻ പലരും ഉണ്ടാകും. നിങ്ങളുടെ മനസ് പറയുന്നത് പോലെ പ്രവർത്തിക്കണം’ -വിജയ് പറഞ്ഞു. കാശ് വാങ്ങി വോട്ട് ചെയ്യുന്നത് നമ്മുടെ വിരൽ കൊണ്ട് സ്വന്തം കണ്ണിൽ തന്നെ കുത്തുന്നതുപോലെയാണ്. ഒരു വോട്ടിന് 1,000 രൂപ വച്ച് കൊടുക്കുന്നവര്‍ ഒന്നര ലക്ഷം പേര്‍ക്ക് അത് കൊടുക്കുന്നുണ്ടെങ്കില്‍ അത് 15 കോടി രൂപയാണ്. അപ്പോള്‍ അയാള്‍ എത്ര രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കണമെന്നും വിജയ് പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ വരുന്ന വ്യാജ വാർത്തകളിൽ പലതിലും ഹിഡൻ അജണ്ടകളുണ്ട്. എന്ത് വിശ്വസിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. അതിന് പാഠപുസ്തകങ്ങള്‍ക്ക് അപ്പുറത്തേക്ക് പഠിക്കണം. നമ്മുടെ നേതാക്കളായ അംബേദ്കറെക്കുറിച്ചും, പെരിയാറെക്കുറിച്ചും, കാമരാജിനെക്കുറിച്ചും മനസിലാക്കണമെന്നും വിജയ് പറഞ്ഞു.