ന്യൂഡല്‍ഹി : ദേശീയ വിദ്യാഭ്യാസ നയവും അതിന്റെ ഭാഗമായ പിഎം ശ്രീ നടപ്പാക്കാത്തിന്റെ പേരിലും തടഞ്ഞുവെച്ച കേന്ദ്ര ഫണ്ട് പലിശസഹിതം ലഭിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച് തമിഴ്നാട് സര്‍ക്കാര്‍.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാത്തതിനാൽ നരേന്ദ്ര മോദി സർക്കാർ 2,151 കോടി രൂപയുടെ ഫണ്ട് തടഞ്ഞുവെന്നാണ് തമിഴ്നാട് ഉന്നയിക്കുന്നത്.
2024-25 സാമ്പത്തിക വർഷത്തിൽ സമഗ്ര ശിക്ഷാ നയം പ്രകാരം തങ്ങൾക്ക് 2151. 59 കോടി ലഭിക്കേണ്ടതാണെന്നാണ് തമിഴ്നാട് സർക്കാരിന്റെ വാദം. ഇതിൽ ആറ് ശതമാനം പലിശ കണക്കാക്കിയാൽ 139.70 കോടി വരും. അങ്ങനെ ആകെ 2291.30 കോടി രൂപ തങ്ങൾക്ക് ലഭിക്കണമെന്നാണ് തമിഴ്നാട് സർക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.
ത്രി ഭാഷാ(മൂന്ന് ഭാഷ) ഫോർമുല ശിപാർശ ചെയ്യുന്ന ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ തുടക്കം മുതലെ ഡിഎംകെ സര്‍ക്കാര്‍ രംഗത്തുണ്ട്. ഇംഗ്ലീഷിനും പ്രാദേശിക ഭാഷക്കും പുറമെ മൂന്നാമതൊരു ഭാഷ കൂടി പഠിക്കണമെന്നാണ് ത്രിഭാഷ നയം. ഇത് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് തമിഴ്നാട് ആരോപിക്കുന്നത്.
ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞ കേന്ദ്രം, ഇന്ത്യൻ ഭാഷകളെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ത്രിഭാഷാ ഫോർമുലയുടെ ലക്ഷ്യമെന്നാണ് വ്യക്തമാക്കുന്നത്.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് പി.എം-ശ്രീ പദ്ധതി നടപ്പാക്കാത്തത്. നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള എതിർപ്പ് കാരണമാണ് ഈ മൂന്ന് സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കാത്തത്.
അതേസമയം പി.എം ശ്രീ ധാരണാപത്രം ഒപ്പുവക്കാത്തതിനാൽ കേരളത്തിന് അർഹതപ്പെട്ട ധനസഹായം നിഷേധിക്കുന്ന കേന്ദ്ര നടപടിക്കെതിരെ നിയമനടപടികളുമായി കേരളം മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി അടുത്തിടെ വ്യക്തമാക്കിയിരുന്നു.