ചെന്നൈ : തമിഴ്നാട്ടിൽ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1,000 രൂപ വീതം നൽകുന്ന സര്‍ക്കാർ പദ്ധതിക്ക് നാളെ തുടക്കം . ഡിഎംകെയുടെ പ്രഥമ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മസ്ഥലമായ കാഞ്ചീപുരത്ത് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പദ്ധതി ഉദ്ഘാടനം ചെയ്യും.
താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ 1.6 കോടി വീട്ടമ്മമാർക്കാണ് സർക്കാർ സഹായം ലഭിക്കുക. പദ്ധതിയിലേക്ക് 1.63 കോടി പേർ അപേക്ഷിച്ചെങ്കിലും സർക്കാർ അനർഹരെ ഒഴിവാക്കിയതോടെ പട്ടിക ചുരുങ്ങുകയായിരുന്നു.
എന്നാൽ സർക്കാർ അർഹരെ തന്നെ ഒഴിവാക്കിയെന്ന പ്രചരണമാണ് അണ്ണാ ഡിഎംകെ നടത്തുന്നത്. എല്ലാവർക്കും പദ്ധതിയുടെ ഗുണം ലഭിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പദ്ധതിയിൽ നിന്നും ഒഴിവാക്കിയവരെ കാരണം ബോധിപ്പിക്കുമെന്നും അർഹരായവർ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ വീണ്ടും അപേക്ഷിക്കാൻ അവസരം ഒരുക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
വീട്ടമ്മമാര്‍ക്ക് നൽകുന്ന പണം സര്‍ക്കാര്‍ സഹായമല്ല, അവകാശമാണെന്നാണ് പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചത്. എല്ലാ മാസവും ഒന്നാം തീയതി തന്നെ വീട്ടമ്മമാർക്ക് പണം ലഭിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.