ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യക്കടകളുടെ 500 ഔട്ട്ലെറ്റുകൾ പൂട്ടാനൊരുങ്ങുന്നു. വ്യാഴാഴ്ച മുതൽ 500 ടാസ്മാക് കടകൾ പ്രവർത്തിക്കില്ലെന്ന് സർക്കാർ അറിയിച്ചു. മദ്യവർജന നയത്തിന്റെ ഭാഗമായി 500 കടകൾ പൂട്ടുമെന്ന് തമിഴ്നാട് സർക്കാർ നിയമസഭയിൽ നൽകിയ ഉറപ്പ് പാലിക്കാനാണ് ഈ അടച്ചുപൂട്ടൽ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദേശപ്രകാരമാണ് ഈ നീക്കം.
തമിഴ്നാട്ടിലെ 38 ജില്ലകളിലും നിന്നുമുള്ള ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ചെന്നൈ നഗരമേഖലയിലെ 61 കടകളാണ് പൂട്ടുന്നത്. മൂന്ന് ജില്ലകളിലായി ആകെ 295 മദ്യക്കടകളാണ് ഇവിടെ ഉണ്ടായിരുന്നത്.കോയമ്പത്തൂർ – നീലഗിരി മേഖലയിലെ 78 കടകളും മധുര – ഡിണ്ടിഗൽ മേഖലയിലെ 125 കടകളും അടച്ചുപൂട്ടും. സേലം, തിരുച്ചി മേഖലകളിൽ യഥാക്രമം 59, 100 കടകളാണ് പൂട്ടുന്നത്.
അടച്ചുപുട്ടേണ്ട കടകളുടെ ലിസ്റ്റ് ജില്ലാ മാനേജർമാർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും വ്യാജമദ്യത്തിന്റെയും അനധികൃത വാറ്റ് ചാരായത്തിന്റെയും വിൽപന തടയുന്നത് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശം നൽകി. പൂട്ടുന്ന കടകളിലെ തൊഴിലാളികളെ മറ്റ് കടകളിലേക്ക് മാറ്റിനിയമിക്കുമെന്നും ടാസ്മാക് ഉന്നതർ വ്യക്തമാക്കി