ചെന്നൈ: തമിഴ്നാട്ടിലെ ബിജെപി സംസ്ഥാന സെക്രട്ടറി എസ്.ജി. സൂര്യയെ പോലീസ് അറസ്റ്റ് ചെയ്തു. മധുര എംപി സു വെങ്കിടേശിനെക്കുറിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലാണ് നടപടി.ചെന്നൈയിൽ വച്ച് മധുര ജില്ലാ സൈബർ ക്രൈം പോലീസാണ് സൂര്യയെ അറസ്റ്റ് ചെയ്തത്.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.തമിഴ്നാട് ബിജെപിയുടെ മികച്ച യുവനേതാക്കളിൽ ഒരാളാണ് സൂര്യ. ശുചീകരണ തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെടുത്തി എംപിക്കെതിരെ ഇട്ട വിദ്വേഷ ട്വീറ്റാണ് അറസ്റ്റിനു വഴിവെച്ചത്. ഡിഎംകെയുടെ കൂട്ടാളികളായ കമ്മ്യൂണിസ്റ്റുകാർക്കെതിരെ ശബ്ദിച്ചു എന്ന കുറ്റം മാത്രമാണ് സൂര്യ ചെയ്തതെന്നു തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ പ്രതികരിച്ചു.
നേരത്തെ, തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിനായി അദ്ദേഹം കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം ലഭിച്ചില്ല. അദ്ദേഹത്തെ എട്ടുദിവസത്തെ കസ്റ്റഡിയിൽ വിട്ടു. സെന്തിൽ ബാലാജിയുടെ അറസ്റ്റ് കേന്ദ്രസർക്കാരിന്റെ പകപോക്കലാണെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞത്. ഇതിനു പിന്നാലെയാണ് ബിജെപിയുടെ സംസ്ഥാനതല നേതാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.