തിരുവനന്തപുരം: സപ്ലൈകോയെ കരിന്പട്ടികയിൽ പെടുത്തി മാറ്റിനിർത്താനൊരുങ്ങി അയൽ സംസ്ഥാനങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങൾ.ഭക്ഷ്യവസ്തുക്കളുടെ വിലയായ 700 കോടി നൽകാത്ത സപ്ലൈകോയ്ക്ക് സാധനങ്ങൾ ഇനി കൊടുക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലെ വിതരണക്കാർ.
182 വിതരണക്കാരാണ് സപ്ലൈകോയിലേക്ക് സാധനങ്ങൾ എത്തിക്കുന്നത്. ഇവയിൽ കൂടുതലും ഈ മൂന്ന് സംസ്ഥാനങ്ങളിലുള്ളവരാണ്.ഈ വിവരം സർക്കാരിനെ അറിയിക്കുന്നതിനായി അടുത്ത ആഴ്ച മൂന്ന് സംസ്ഥാനങ്ങളിലേയും വ്യാപാരികൾ യോഗം ചേരും.700 കോടിയിൽ പകുതിയെങ്കിലും കിട്ടിയില്ലെങ്കിൽ പലിശ ഉൾപ്പെടെ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും വ്യാപാരികൾ ആലോചിക്കുന്നു. കഴിഞ്ഞ മാർച്ച് മുതലുള്ള തുകയാണ് ലഭിക്കാനുള്ളത്.
തുക 600 കോടി കടന്നതോടെ കഴിഞ്ഞ ജൂലൈയിൽ വിതരണം നിറുത്തിവച്ചിരുന്നു. ഓഗസ്റ്റ് ആരംഭത്തിൽ തന്നെ ഔട്ട്ലെറ്റുകളിൽ സാധനങ്ങൾ തീർന്നു തുടങ്ങി. മന്ത്രി ജി.ആർ.അനിൽ ഇടപെട്ട് ഒത്തുതീർപ്പിലെത്തിയതിനെ തുടർന്നാണ് ഓണച്ചന്തകൾ കുഴപ്പമില്ലാതെ നടന്നത്.ഓണത്തിന് മുമ്പ് 120 കോടി രൂപയാണ് വിതരണക്കാർക്ക് ലഭിച്ചത്. ബാക്കി തുക ഉടൻ നൽകുമെന്ന സർക്കാർ ഉറപ്പിലാണ് സാധനങ്ങൾ എത്തിച്ചത്. ആ ഉറപ്പ് പാലിക്കാതെ വന്നതോടെയാണ് കടുത്ത നിലപാടിലേക്ക് നീങ്ങാൻ വിതരണക്കാർ തീരുമാനിച്ചത്.
സപ്ലൈകോ ഔട്ട്ലെറ്റുകളിൽ അവശ്യസാധനങ്ങൾ ഒന്നും തന്നെയില്ലെന്ന പരാതി കേൾക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. കാര്യങ്ങൾ കൂടുതൽ പരിതാപകരമായ അവസ്ഥയിലാണെന്ന് സൂചിപ്പിക്കുകയാണ് പുതിയ വിവരം.