ന്യൂയോർക്ക്: ഐസിസി ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. നാല് റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ കടന്നു . സ്കോർ: ദക്ഷിണാഫ്രിക്ക 113-6 (20), ബംഗ്ലാദേശ് 109-7 (20).
ദക്ഷിണാഫ്രിക്ക ഉയർത്തിയ 114 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാ പോരാട്ടം 109 ൽ അവസാനിച്ചു. സ്പിന്നർ കേശവ് മഹാരാജ് എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് ആറു റൺസാണ് നേടാനായത്. അവസാന ഓവറിലെ അഞ്ചാം പന്തിൽ മുഹമ്മദുള്ള കൂറ്റൻഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് സിക്സറാകാതെ പോയത്. അവിശ്വസനീയ ക്യാച്ചിലൂടെ എയ്ഡൻ മാർക്രം കളികൈപിടിയിലൊതുക്കി. 50 റണ്‍സിനിടെ ബംഗ്ലാദേശിന്റെ നാല് മുൻനിരവിക്കറ്റുകൾ നഷ്ടമായി. നജ്മൽ ഹുസൈനും (14) തൗഹീദ് ഹൃദോയ് (37), മഹമ്മദുള്ള (20) എന്നിവർക്കു മാത്രമാണ് രണ്ടക്കം കാണാൻ കഴിഞ്ഞത്. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ റബാഡയും നോർട്ട്ജെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് ബംഗ്ലാ പേസർമാരുടെ മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 23 റണ്‍സിനിടെ നാല് മുൻനിര വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. മൂന്നു വിക്കറ്റ് നേടിയ താൻസിം ഹസൻ സാകിബും രണ്ടു വിക്കറ്റ് നേടിയ താസ്കിൻ അഹമ്മദുമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. 46 റണ്‍സ് നേടിയ ഹെൻറിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. വൻ തകർച്ചയെ ഉറ്റുനോക്കിയ ദക്ഷിണാഫ്രിക്കയെ ക്ലാസൻ-ഡേവിഡ് മില്ലർ സഖ്യം നേടിയ 79 റണ്‍സാണ് നൂറുകടത്തിയത്. ഈ കൂട്ടുകെട്ടിന് വൻ അടികൾ നടത്താനായില്ല. 17-ാം ഓവറിലാണ് ദക്ഷിണാഫ്രിക്ക നൂറു റണ്‍സിലെത്തിയത്.17.3 ഓവറിൽ ക്ലാസനെ (44 പന്തിൽ 46) പുറത്താക്കി താസ്കിൻ അഹമ്മദ് സഖ്യം പൊളിച്ചു. മൂന്നു സിക്സും രണ്ടു ഫോറുമാണ് ക്ലാസന്റെ ബാറ്റിൽനിന്ന് പിറന്നത്. അടുത്ത ഓവറിൽ മില്ലറിനെ (38 പന്തിൽ 29) റിഷാദ് ഹുസൈൻ ക്ലീൻബൗൾഡാക്കി. പിന്നീടെത്തിയവർക്ക് കാര്യമായൊന്നും ചെയ്യാനുമായില്ല.