കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിലടക്കം സിറോ മലബാർ സഭക്ക് കീഴിലെ എല്ലാ പള്ളികളിലും ഏകീകൃത കുർബാന നിർബന്ധമാക്കി സിനഡ് ആഹ്വാനം. മെത്രാൻമാരുടെ നിർദേശമടങ്ങിയ സർക്കുലർ പള്ളികളിൽ വിതരണം ചെയ്തു. മാർപ്പാപ്പയുടെ നിർദേശം പാലിക്കണമെന്ന് സർക്കുലറിൽ പറയുന്നു. അതേസമയം, സിനഡ് ആഹ്വാനത്തെ സംബന്ധിച്ച് ഇന്ന് യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് അൽമായ മുന്നേറ്റം അറിയിച്ചു.
സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന സിനഡ് യോഗത്തിലാണ് സഭയ്ക്ക് കീഴിലെ പള്ളികളിൽ ഏകീകൃതകുർബാന നിർബന്ധമാക്കിയത്. സിനഡ് തീരുമാനം എറണാകുളം-അങ്കമാലി അതിരൂപതയ്ക്കും ബാധകമാണ്. തീരുമാനം സംബന്ധിച്ച് മെത്രാന്മാർ ഒപ്പിട്ട സർക്കുലർ അതിരൂപതകൾക്കും പള്ളികൾക്കും വിതരണം ചെയ്തു. മാർപാപ്പയുടെ നിർദേശം അനുസരിക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും സർക്കുലറിൽ പറയുന്നു. സിനഡ് നിർദേശം ലഭിച്ചതിനെ തുടർന്ന് എറണാകുളം- അങ്കമാലി അതിരൂപതാ അഡ്മിനിസ്ട്രേറ്റർ ബോസ്കോ പുത്തൂർ അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളിൽ ഏകീകൃത കുർബാന നിർബന്ധമാക്കണമെന്ന കത്തും കൈമാറി.
സിനഡ് തീരുമാനം സംബന്ധിച്ച് സർക്കുലർ ഞായറാഴ്ച അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളിൽ വായിക്കണമെന്ന് ബോസകോ പുത്തൂർ നൽകിയ കത്തിൽ പറയുന്നു. എന്നാൽ ഏകീകൃത കുർബാന അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ തന്നെയാണ് അൽമായ മുന്നേറ്റവും ഒരു വിഭാഗം വൈദികരും. സിനഡ് തീരുമാനം സംബന്ധിച്ച് യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് അൽമായ മുന്നേറ്റമറിയിച്ചു. സിനഡ് തീരുമാനം വന്നതോടെ എറണാകുളം-അങ്കമാലി അതിരൂപതക്ക് കീഴിൽ കുർബാന തർക്കo വീണ്ടും സംഘർഷത്തിലേക്ക് പോകാനാണ് സാധ്യത.