ജമ്മു : പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിനോദ സഞ്ചാരികള്‍ക്കൊപ്പം ഒരു കശ്മീരിക്കു കൂടി ജീവന് നഷ്ടമായിട്ടുണ്ട്, മതത്തിന്റെ പേര് പറഞ്ഞ് കൊല്ലാന്‍ വന്നവര്‍ക്ക് മുന്നില്‍ നിന്ന് പൊരുതി നോക്കിയ ഒരാള്‍. സെയ്ദ് ആദില്‍ ഹുസൈന് ഷാ എന്ന 28 വയസുള്ള കുതിരസവാരിക്കാരന്‍.
കശ്മീരിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്ച ഭീകരരുടെ വെടിയുണ്ടകളില്‍ നിന്ന് രക്ഷപ്പെടാന്‍ വിനോദസഞ്ചാരികള്‍ ചിതറിയോടിയപ്പോള്‍ ഭീകരരില്‍ ഒരാളില്‍ നിന്ന് റൈഫിള്‍ തട്ടിപ്പറിച്ച് എടുത്ത് തന്റെ ഒപ്പം സവാരിക്ക് വന്നവരെ രക്ഷപ്പെടുത്താന്‍ പൊരുതി നോക്കിയ കശ്മീരി.
സെയ്ദ് ആദില്‍ ഹുസൈന് ഷാ എന്ന പ്രാദേശിക കശ്മീരി തനിക്കൊപ്പം വന്ന ടൂറിസ്റ്റുകളെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് കൊല്ലപ്പെട്ടത്. പഹല്‍ഗാമിലെ ബൈസാരന് പുല്‍മേടിലെ കാല്‍നടയായി മാത്രം എത്തിച്ചേരാവുന്ന സ്ഥലത്തേക്ക് വിനോദസഞ്ചാരികളെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്തുനിന്ന് കുതിരപ്പുറത്ത് കയറ്റിക്കൊണ്ടുപോകുന്ന ജോലിയാണ് സെയ്ദ് ആദില്‍ ഹുസൈന് ഷാ ചെയ്തിരുന്നത്. കുതിരപ്പുറത്ത് ബൈസാരണ്‍ പുല്‍മേടിലേക്ക് താന്‍ കൊണ്ടുവന്ന വിനോദസഞ്ചാരിയെ ഭീകരര്‍ ലക്ഷ്യംവെയ്ക്കുന്നത് കണ്ട് സംരക്ഷിക്കാന്‍ ശ്രമിക്കവെയാണ് ഭീകരര്‍ സെയ്ദ് ആദില്‍ ഹുസൈനെ വെടിവെച്ചു കൊന്നത്.
ഓടി രക്ഷപ്പെടുന്നതിനുപകരം, ആദില്‍ ഭീകരരില്‍ ഒരാളുടെ അടുത്തേക്ക് ഓടിക്കയറി ആയുധം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും ഇത് ഒരു നിമിഷത്തേക്ക് വിനോദ സഞ്ചാരികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം നല്‍കിയെന്നും ദൃക്സാക്ഷികള്‍ പറയുന്നു. തന്റെ ടൂറിസ്റ്റിനെ രക്ഷിക്കാനായി തോക്കുപിടിച്ചെടുക്കാനുള്ള സെയ്ദിന്റെ ശ്രമം വിജയിച്ചില്ല, ഭീകരരുടെ വെടിയേറ്റ് സംഭവ സ്ഥലത്തുവെച്ചുതന്നെ സെയ്ദ് കൊല്ലപ്പെടുകയായിരുന്നു. ആദിലിന്റെ കുടുംബത്തിനൊപ്പമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.