കോഴിക്കോട്: കേരളത്തിലെ ഹിന്ദു- ക്രിസ്ത്യൻ കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടെന്നും, അതിനാൽ സന്താനോത്പാദനത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. മിക്ക ഹിന്ദു- ക്രിസ്ത്യൻ വീടുകളിൽ ഏറിവന്നാൽ ഒരു കുട്ടിയാണുള്ളത്. അതിലൂടെ കേരളത്തിലെ ജനസംഖ്യ നേർപകുതിയായി. എന്നാൽ ഇസ്ലാമിക ഗൃഹങ്ങളിൽ ആറ് മക്കളാണുള്ളത്. അവിടെ ജനസംഖ്യ മൂന്നിരട്ടിയായി കൂടുകയാണെന്നും ഹിന്ദുവിനും ക്രിസ്ത്യാനിക്കും പകുതിയായി കുറയുകയാണെന്നും ചിദാനന്ദപുരി പറയുന്നു. സ്വാമി ചിദാനന്ദപുരി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് സന്താനോത്പാദനത്തെ പറ്റി പറയുന്നത്.
ഇന്ന് ഹിന്ദു-ക്രിസ്ത്യൻ സമൂഹത്തിലെ പുതുതലമുറ കല്യാണം കഴിക്കാൻ പോലും തയ്യാറാവാത്ത ഒരു അവസ്ഥയുണ്ട്. കല്യാണം കഴിച്ചാലും പ്രസവിക്കാൻ തയാറല്ല എന്ന് പറയുന്നവരുമുണ്ട്. ഇത്തരത്തിൽ നൂറ് കണക്കിന് കേസുകൾ ആശ്രമത്തിൽ വരാറുണ്ട്. അതിനൊപ്പം കല്യാണമെന്ന വ്യവസ്ഥയെ തന്നെ എതിർക്കുന്ന ഒരു സമൂഹവും ഹിന്ദു -ക്രിസ്ത്യൻ വീടുകളിൽ വളർന്നുവരുന്നുണ്ട്. ലിവിങ്ങ് ടുഗദർ പോരെ എന്നാണ് പുതിയ തലമുറ ചോദിക്കുന്നത്. വിവാഹവും സന്താനോത്പാദനവുമാണ് മുഖ്യമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. ആ ഒരു ധാരണ നമ്മുടെ മക്കൾക്ക് കൊടുത്തേ മതിയാവു. അതിലൂടെ നമ്മുടെ ധർമത്തിന്റെ പിന്തുടർച്ചയുണ്ടാകു എന്ന് മനസിലാക്കണമെന്നും ചിദാനന്ദപുരി പറയുന്നു.
അയൽ രാജ്യമായ ചൈന എല്ലാകാര്യത്തിലും നമ്മളേക്കാൾ മുന്നിലാണ്. പക്ഷെ അറുപത് കഴിഞ്ഞവരാണ് അവരുടെ സമൂഹത്തിൽ ഭൂരിഭാഗവും. സമൂഹത്തെ നാളെ മുന്നോട്ട് നയിക്കാൻ ചെറുപ്പക്കാരില്ലാത്ത അവസ്ഥയാണവർക്കുള്ളത്. സാങ്കേതിക മികവിൽ ലോകത്തെ ഞെട്ടിച്ച ജപ്പാനിലും വൃദ്ധൻമാരാണ് കൂടുതലുള്ളത്. ചെറിയ ഒരു ശതമാനം മാത്രമെ ചെറുപ്പക്കാറുള്ളു. അതെ അവസ്ഥ ഇവിടെയുണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് സന്താനോത്പാദനത്തിൽ കൂടുതൽ ശ്രദ്ധചെലുത്തണമെന്ന് ഹിന്ദു- ക്രിസ്ത്യൻ സമൂഹങ്ങളെ ഓർമിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.