തൃശൂർ : രാജ്യത്ത് ബിനാമി ഇടപാടുകളും ബിനാമി വ്യാപാര സ്ഥാപനങ്ങളും വർധിക്കുന്നതായി ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉയർന്ന ചെറുകിട, വൻകിട വ്യാപാര സ്ഥാപനങ്ങളെ കുറിച്ചും അരക്കോടിക്കു മുകളിലുള്ള വിവിധ ഇടപാടുകളെ കുറിച്ചും വിജിലൻസ് പരിശോധിക്കുന്നു.
കൂണുപോലെ മുളച്ചുപൊന്തിയ പുത്തൻപണക്കാരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ഇതര സംസ്ഥാനങ്ങളിലും അതാതു രഹസ്യാന്വേഷണ ഏജൻസികൾ പരിശോധന നടത്തുന്നുണ്ട്. തൃശൂർ ടൗണിന്റെ പ്രാന്തപ്രദേശങ്ങളിലും ജില്ലയിലെ വിവിധയിടങ്ങളിലും ബിനാമി സ്ഥലക്കച്ചവടങ്ങൾ നടന്നതായും ചെറിയ സെന്ററുകളിൽ ബിനാമി വ്യാപാര സ്ഥാപനങ്ങൾ ഉയർന്നതായും റിപ്പോർട്ടുണ്ട്.
ഇത്തരത്തിലുള്ള പല ഇടപാടുകളിലും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പ്രവർത്തകരും ചില വ്യാപാരികളും പൗരപ്രമുഖരും ബിനാമികളാണെന്നാണു രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
കൂട്ടായ്മകളുടെ നേതൃത്വത്തിൽ സഹകരണാടിസ്ഥാനത്തിൽ ധനകാര്യ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാനും നിർദേശം നല്കിയിട്ടുണ്ട്. വരവിൽ കവിഞ്ഞ സ്വത്ത് സന്പാദിക്കുന്നവർ വർധിച്ചതായാണു മറ്റൊരു കണ്ടെത്തൽ. ഇതിൽ പലരുടെയും ബാങ്ക് അക്കൗണ്ടുകൾ ഐബിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായ എല്ലാ ക്രയവിക്രയങ്ങളും പരിശോധിക്കാൻ കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് അധികൃതർക്കു വിജിലൻസ് നിർദേശം നല്കി. കൃത്യമായ തെളിവുകൾ ശേഖരിക്കാൻ റെയ്ഡ് അടക്കമുള്ള നടപടികളിലേക്കു കടക്കാനാണു വിജിലൻസ് നീക്കം. ബിനാമി ഇടപാടുകളിൽ തീവ്രവാദ സംഘടനകൾക്കുള്ള പങ്കും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.
സ്റ്റേഷനറി കടകൾ, ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, കിയോസ്ക് മോഡൽ കടകൾ, ചെറുകിട ടൗണുകളിൽ ഉയരുന്ന ബിൽഡിംഗുകൾ തുടങ്ങിയവ ആരംഭിച്ചിട്ടുള്ളവർക്ക് ഇവ തുടങ്ങാനാവശ്യമായ പണം എവിടെനിന്നു കിട്ടിയെന്നു കണ്ടെത്താനാണ് അന്വേഷണ ഏജൻസികളുടെ ശ്രമം.
വിവിധ അഴിമതി, കവർച്ച, തട്ടിപ്പുകളിലൂടെ നേടിയെടുത്ത പണവും കുഴൽപ്പണവും വിദേശരാജ്യങ്ങളിൽനിന്ന് എത്തുന്ന സ്രോതസ് അറിയാത്ത പണവുമാണ് ബിനാമികളിലൂടെ രാജ്യത്ത് ചെലവാക്കപ്പെടുന്നതെന്നാണു അന്വേഷണ ഏജൻസികളുടെ വെളിപ്പെടുത്തൽ. ഇത് രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയെയും രാജ്യസുരക്ഷയെയും രാഷ്ട്രീയ അട്ടിമറികൾക്കും ഇടയാക്കുമെന്നാണു കണക്കുക്കൂട്ടുന്നു.
വിദേശ പൗരന്മാർ ബിനാമി സ്ഥാപനങ്ങൾ ആരംഭിച്ചതിനെ തുടർന്ന് പല രാജ്യങ്ങളിലും നടപടികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ വിദേശ നിക്ഷേപങ്ങൾ നിയമാനുസൃതമല്ലാതെ ബിനാമികളിലൂടെ ചെലവാക്കപ്പെടുന്നതായും ആസ്തികൾ വാങ്ങിക്കൂട്ടുന്നതുമായാണു രഹസ്യവിവരം. ബിനാമി ഇടപാടുകൾ ബോധ്യപ്പെട്ടാൻ സ്വത്തുക്കൾ കണ്ടുകെട്ടാനും ജയിൽശിക്ഷയും നിയമം വ്യവസ്ഥ ചെയ്യുന്നു.