


ആലപ്പുഴ : ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയശേഷം യുവാവിനെ ആക്രമിച്ച് 15,000 രൂപയും രണ്ടരപ്പവന്റെ സ്വര്‍ണാഭരണങ്ങളും കവര്‍ന്ന പ്രതികള്‍ പൊലീസ് പിടിയില്‍. ചെറുതന ഇലഞ്ഞിക്കല്‍ യദുകൃഷ്ണന് (27), വീയപുരം പായിപ്പാട് കടവില്‍ മുഹമ്മദ് ഫാറൂക്ക് (27), ചെറുതന തെക്ക് വല്യത്ത് പുത്തന്‍പുരയില്‍ അശ്വിന് വര്‍ഗീസ് (38) എന്നിവരാണ് അറസ്റ്റിലായത്.
കരുവാറ്റയിലെ ഡ്രൈവിങ് പരിശീലകന് വിഷ്ണുവിനെ വെള്ളിയാഴ്ചയാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. ജോലികഴിഞ്ഞ് ബൈക്കില്‍ മടങ്ങിയ വിഷ്ണുവിനെ ഡാണാപ്പടി ഭാഗത്തുവെച്ച് യദുകൃഷ്ണന് കൈകാണിച്ചു. അടുത്ത ജങ്ഷനിലിറക്കാമോയെന്നുചോദിച്ച് ബൈക്കില്‍ക്കയറി. പിന്നീട് വീട്ടിലേക്കു വിടാമോയെന്നു ചോദിച്ചു. യദുകൃഷ്ണനെ കണ്ടുപരിചയമുള്ളതിനാല്‍ വിഷ്ണു കരുവാറ്റ മങ്കുഴിയിലുള്ള ഇയാളുടെ വീട്ടിലെത്തിച്ചു.
തുടര്‍ന്ന്, വീട്ടില്‍ക്കയറാന്‍ നിര്‍ബന്ധിച്ചശേഷം മുറിയില്‍പൂട്ടിയിട്ട് മറ്റുപ്രതികളും കൂടിച്ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്നു. മെബൈല്‍ഫോണും ബൈക്കിന്റെ താക്കോലും ആദ്യംതന്നെ വാങ്ങി. പിന്നാലെ രണ്ടുപവന്റെ സ്വര്‍ണമാലയും അരപ്പവന്റെ കൈച്ചെയിനും പൊട്ടിച്ചെടുത്തു. ഗൂഗിള്‍ പേയിലൂടെ 15,000 രൂപയും വാങ്ങി. കേസില്‍ പിടിയിലായ യദുകൃഷ്ണന് കൊലപാതകം ഉള്‍പ്പെടെ 11 കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
രാത്രി പ്രതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ പ്രതികളിലൊരാളായ അശ്വിന് വര്‍ഗീസ് ഓടിപ്പോയി. ഇയാളെ പിടികൂടാന്‍ കൂട്ടുപ്രതികള്‍ പുറത്തേക്കു പോയപ്പോഴാണ് താന്‍ രക്ഷപ്പെട്ടതെന്നാണ് വിഷ്ണു പൊലീസിനു മൊഴിനല്‍കിയത്. വിഷ്ണു വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.പ്രതികളിലൊരാളുടെ കരുവാറ്റയിലെ വീട്ടില്‍ തന്നെ ആക്രമിക്കുമ്പോള്‍ മറ്റു രണ്ട് ചെറുപ്പക്കാരെ നഗ്നരാക്കി മുറിയില്‍പൂട്ടിയിട്ടിരുന്നതായി വിഷ്ണു മൊഴിനല്‍കിയിട്ടുണ്ട്. എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്.ഐ. ഷൈജ, എഎസ്ഐമാരായ ശിഹാബ്, പ്രിയ, സിപിഒമാരായ നിഷാദ്, ശ്രീജിത്ത്, സജാദ്, രാകേഷ്, അമല്‍, വിശ്വജിത്ത്, അഭിജിത്, ശ്രീനാഥ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.