കൊച്ചി : ആലുവ അദ്വൈതാശ്രമത്തിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. കോലഞ്ചേരി ചക്കുങ്ങൽ വീട്ടിൽ അജയകുമാർ (42) ആണ് ആലുവ പോലീസിന്റെ പിടിയിലായത്.
നിരവധി മോഷണങ്ങളടക്കം പതിനഞ്ചോളം കേസിലെ പ്രതിയാണ്. കഴിഞ്ഞ 11ന് ജയിൽ മോചിതനായ ഇയാൾ 15 ന് രാവിലെ ഏഴിനാണ് ആശ്രമത്തിലെത്തിയത്. തുടർന്ന് അവിടെ കുറച്ചു സമയം ചിലവഴിച്ച ശേഷം മോഷണം നടത്തി കടന്നു കളയുകയായിരുന്നു.
മോഷണ മുതൽ ഇതര സംസ്ഥാനക്കാരായ ആക്രി പെറുക്കുന്ന തൊഴിലാളികൾക്ക് വിറ്റു. മോഷണം നടത്തിക്കിട്ടുന്ന കാശു കൊണ്ട് ലഹരി വസ്തുക്കൾ വാങ്ങി ഉപയോഗിക്കലാണ് പതിവ്. ഇയാളെ പിടികൂടുന്നതിന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.