മലപ്പുറം : നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തി. ആരോഗ്യ വകുപ്പ് സർവേയിലാണ് രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തിയത്. ഇന്നും സർവേ തുടരും. അതേസമയം മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് ഇന്നലെ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഇത് പ്രകാരം സമ്പർക്ക പട്ടിക വിപുലമാക്കും. ജില്ലയില്‍ ഇതുവരെ 175 പേർ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ഇതില്‍ 74 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്.
126 പേര് പ്രൈമറി കോണ്ടാക്ട് പട്ടികയിലും 49 പേര് സെക്കന്ററി കോണ്ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമാകാനുള്ളതായും മന്ത്രി അറിയിച്ചു.മരണപ്പെട്ട 24കാരന്റെ യാത്രാ വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റൂട്ട് മാപ്പ് പരിശോധിച്ച ശേഷം സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ കണ്ട്രോള് സെല്ലില്‍ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
നിപ ജാഗ്രതയെ തുടര്‍ന്ന് മലപ്പുറം സര്‍ക്കാര്‍ അതിഥി മന്ദിര കോമ്പൗണ്ടില്‍ കണ്ട്രോള് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.കഴിഞ്ഞ ദിവസമാണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ച 24 വയസുകാരനിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് തിരുവാലി ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചു. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു. ഇതുകൂടാതെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.
തിരുവാലി പഞ്ചായത്തിൽ പനി ബാധിച്ച രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ പ്രത്യേകം നിരീക്ഷിക്കും. നിപ സംശയത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളും തിരുവാലി പഞ്ചായത്തിൽ ഊര്‍ജിതമാക്കിയിരിക്കുകയാണ്. നിലവിൽ 151 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്.