തൃശൂര്‍ : മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് ബിജെപി നേതാവും മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. കോഴിക്കോട് വച്ച് മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് രൂക്ഷമായി പ്രതികരിച്ചത്. തൃശൂരില്‍ ഗരുഡന് സിനിമ കാണാന്‍ എത്തിയതായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തില്‍ പ്രകോപിതനായ സുരേഷ് ഗോപി ‘എന്റെ അടുത്ത് ആളാകാന്‍ വരരുത്’ എന്ന് ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു. ആളാകാന്‍ വരുന്നതല്ലെന്ന് മാധ്യമപ്രവര്‍ത്തക മറുപടി പറയുന്നതും കേള്‍ക്കാം. ‘ആളാകാന്‍ വരരുത്. കോടതിയാണ് ഇനി നോക്കുന്നത്. അവര്‍ നോക്കിക്കോളും’ എന്നും സുരേഷ് ഗോപി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തെ സുരഷ് ഗോപി വളച്ചൊടിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു സ്ത്രീയെന്ന നിലയില്‍ അവര്‍ നേരിട്ട പ്രശ്നം തനിക്ക് മനസ്സിലാകുമെന്നും റിപ്പോര്‍ട്ടര്‍ പറഞ്ഞു. എന്നാല്‍ തന്റെയടുത്ത് ആളാവാന്‍ വരരുത്, കോടതിയാണ് ഇനി കാര്യങ്ങള്‍ നോക്കുന്നത്, എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പിന്നാലെ, എന്തു കോടതിയാണ് സാര്‍, എന്നു ചോദിച്ചപ്പോള്‍, ‘എന്തു കോടതിയോ എന്നാണ് ചോദിച്ചിരിക്കുന്നതെന്ന്’ സുരേഷ് ഗോപി പറഞ്ഞു. തുടര്‍ന്ന്, യു വാന്‍ഡ് മി ടു കണ്‍ഡിന്യൂ, ആസ്ക് ഹെര്‍ ടു മൂവ് ബാക്ക്’ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തക മൈക്ക് മാറ്റിയ ശേഷമാണ് സുരേഷ് ഗോപി പിന്നീട് സംസാരിച്ചത്.
‘പ്രേക്ഷകര്‍ സിനിമ ആസ്വദിക്കുന്നു. അതെനിക്ക് ഈശ്വരാനുഗ്രഹം തന്നെയാണ്. ആ ഈശ്വരാനുഗ്രഹം ഞാന്‍ സസന്തോഷം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് പേടിയാണ്, ഒന്നു മാറിനില്‍ക്കൂവെന്നേ പറഞ്ഞിട്ടുള്ളൂ. അതിനുള്ള അവകാശം എനിക്കില്ലേ. അത്രയേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. ഇപ്പോള്‍ കോടതിയെ ആണ് പുച്ഛിച്ചിരിക്കുന്നത്. ഞാന്‍ ആ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത്. അദ്ദേഹം പറഞ്ഞു.