തൃശൂര്‍: പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ആരും ക്ഷണിച്ചു കൂട്ടി കൊണ്ടുവന്നതല്ല. പദ്മജയുടെ ആഗ്രഹം കേന്ദ്രനേതൃത്വം അംഗീകരിച്ചു. കേന്ദ്രനേതാക്കള്‍ പറഞ്ഞാല്‍ തനിക്കും സ്വീകാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
‘ആയമ്മ അവരുടെ ഇഷ്ടാനുസരണം ചെന്ന് ചേര്‍ന്നതാണ്. ആരും വന്ന് വിളിച്ചുകൊണ്ടുപോയതല്ല. അവരുടെ ഇഷ്ടം രേഖപ്പെടുത്തി ദേശീയ നേതൃത്വം അവരെ നിരാകരിച്ചില്ല. സ്വീകരിച്ചു. അവരെ എന്റെ നേതാക്കള്‍ സ്വീകരിച്ചു എന്നുപറഞ്ഞാല്‍ എനിക്ക് സ്വീകാര്യമായിരിക്കണം. പെങ്ങള് ആങ്ങള എന്നത് അവര്‍ ആദ്യം നിശ്ചയിക്കട്ടെ. കല്യാണിക്കുട്ടിയമ്മയെ വരെ ചോദ്യം ചെയ്തിട്ടില്ലേ?. അപ്പോ ആങ്ങളയും പെങ്ങളുമാണോയെന്ന് അവര്‍ തമ്മില്‍ തീരുമാനിക്കട്ടെ’- സുരേഷ് ഗോപി പറഞ്ഞു
ജയിച്ചാല്‍ തൃശൂരില്‍ എലിവേറ്റഡ് ഹൈവേ കൊണ്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ശബരി കെ റൈസില്‍ അഭിപ്രായം ചോദിച്ചപ്പോള്‍ അങ്ങനെയെങ്കിലും ജനങ്ങള്‍ക്ക് അരി നല്കട്ടെ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.സംസ്ഥാനത്ത് നിലവിൽ ഭരണവിരുദ്ധ വികാരമുണ്ട്, അത് പ്രചാരണവേളയില്‍ ജനങ്ങളുടെ പെരുമാറ്റത്തില്‍ നിന്ന് മനസിലായി, മതപ്രീണനത്തിനില്ല, ബിജെപിയുടെ വോട്ട് ശതമാനം കൂടുമെന്നും സുരേഷ് ഗോപി പ്രതീക്ഷ പ്രകടിപ്പിച്ചു.