പാലക്കാട് : ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ജനങ്ങള്‍ക്ക് വേണ്ടിയാണ് നവകേരള സദസിനുള്ള ബസിന് നേരെ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാട്ടിയത്. യൂത്ത് കോണ്‍ഗ്രസുകാര്‍ ആയത് കൊണ്ട് അവരെ മാറ്റി നിര്‍ത്തേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
‘പ്രതിപക്ഷം ഏത് പാര്‍ട്ടിയുമായിക്കോട്ടെ, പ്രതിപക്ഷമായിരിക്കണം ജനത്തിന്റെ ശബ്ദം. ആ ശബ്ദം ഉയര്‍ത്തുന്ന പ്രതിപക്ഷം ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും ജനം അവരെ അകമഴിഞ്ഞ് പിന്തുണയ്ക്കണം. നിങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ ആ വണ്ടിയുടെ മുന്പില് ചാടിയതും നിങ്ങള്‍ക്ക് വേണ്ടിയാണ് ഒരു പക്ഷേ അവര്‍ തല്ലു കൊണ്ട് ആശുപത്രികളില്‍ കിടക്കുന്നത്. അവര്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ആയത് കൊണ്ട് ഞാന്‍ അല്‍പ്പം ദൂരം കല്‍പ്പിക്കണമെന്ന് ആരും എന്നോട് പറയില്ല. അങ്ങനെ പറയുന്നവരോട് മാത്രമേ എനിക്ക് ദൂരം കല്പ്പിക്കാനുള്ളൂ.’- സുരേഷ് ഗോപി പറഞ്ഞു.
‘തെരഞ്ഞെടുക്കപ്പെട്ടവര്‍ എന്താണ് ചെയ്തത് എന്ന് വ്യക്തതയില്ലാത്ത അവസ്ഥയാണ്. അങ്ങനെയുള്ള രാജ്യമാണ് നമ്മുടേത്. സംസ്ഥാനത്തിന്റെ കാര്യം പിന്നെ പറയുകയേ വേണ്ട. വെറും വാചകവും തള്ളും. പിന്നെ സഞ്ചരിക്കുന്ന രാക്ഷസ വാഹനത്തെ ചെളിയില്‍ നിന്ന് തള്ളിക്കയറ്റുക. നല്ല തമാശകളാണ് നടക്കുന്നത്. വാഹനത്തെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. പക്ഷേ അവര്‍ക്കുള്ള സൂചനകളാണ് ഇത്. ഈ ചെലവാക്കുന്ന പണമെടുത്ത് പെന്ഷന് കൊടുത്താല്‍ മതിയായിരുന്നു.അവരുടെ പ്രാര്‍ഥനയെങ്കിലും ഉണ്ടായേനെ.’- സുരേഷ് ഗോപി കുറ്റപ്പെടുത്തി.
‘പെട്രോളിനും ഡീസലിനും വില കൂട്ടി എന്ന് പറഞ്ഞ് വെറുതെ അക്രമം അഴിച്ചുവിട്ട ആളുകളാണ്. അവരാണ് രണ്ടുരൂപ പിരിച്ചിട്ട് അടിച്ചുമാറ്റി കൊണ്ടിരിക്കുന്നത്. അതില്‍ നിന്ന് പോലും പെന്ഷന് നല്കാന് സാധിക്കുന്നില്ല. ജനങ്ങള്‍ മുന്നോട്ടുവരണം. രണ്ടു രൂപ ചുങ്കം തരാന്‍ തയ്യാറല്ല എന്ന് പറഞ്ഞ് നിങ്ങള്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് പെട്രോള്‍ അടിക്കണം. ഈ തരത്തില്‍ ജനങ്ങള്‍ രംഗത്തുവരണം.നിങ്ങളുടെ അപ്പന്റെ വകയാണ് ഈ മണ്ണ് എന്ന് ചിന്തിക്കണം. വേലക്കാരെ മാത്രമാണ് അഞ്ചുവര്‍ഷം കൂടുമ്പോള്‍ ജോലി ഏല്‍പ്പിക്കുന്നത്. ഈ മണ്ണും രാജ്യവും ഒരുത്തന്റെയും തന്തയുടെ വകയല്ല. നമ്മുടെ എല്ലാവരുടെയും വകയാണ്. രാജ്യത്തിന് വേണ്ടി ഒരുമിച്ച് പൊരുതണം. മഹാത്മാ ഗാന്ധി സ്വാതന്ത്ര്യസമരം അവസാനിപ്പിച്ചിട്ടില്ല.ഇനിയും ഒരുപാട് കിരാതന്മാര്, അസുരന്മാര്, രാക്ഷസന്മാര് എന്നിവരില്‍ നിന്ന് മോചനത്തിനായി പുതിയ സ്വാതന്ത്ര്യസമരം ആരംഭിക്കേണ്ടതുണ്ട്’- സുരേഷ് ഗോപി പറഞ്ഞു.